മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് നിവേദനം നൽകി. പാർലമെന്റിൽ നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ എം പിമാരെ പോലീസ്
തടഞ്ഞതിന് ശേഷമാണ് പ്രമുഖ നേതാക്കൾ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി,
ഒമർ അബ്ദുള്ള തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും ചേർന്ന് ‘വോട്ട് ചോരി’ (വോട്ട് തട്ടിപ്പ്) നടത്താൻ ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണമടങ്ങിയ മെമ്മോറാണ്ടമാണ് നേതാക്കൾ രാഷ്ട്രപതിക്ക് കൈമാറിയത്.















