ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന ‘ജന്തർമന്തർ 2.0’ പ്രക്ഷോഭം തടയാൻ ഡൽഹിയിൽ അസാധാരണമായ രീതിയിൽ സേനാവിന്യാസം. ഡൽഹി പോലീസിന് പുറമെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 70 കമ്പനി അധിക കേന്ദ്രസേനയെയും ദ്രുതകർമ്മ സേനയെയും (RAF) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
സമരകേന്ദ്രമായ ജന്തർമന്തറിന് ചുറ്റും ബഹുതല സുരക്ഷാ വലയമാണ് (Multi-layered security) അധികൃതർ തീർത്തിരിക്കുന്നത്. പാരപ്പെറ്റുകളും മുള്ളുവേലികളും റോഡ് ഉപരോധങ്ങളും സ്ഥാപിച്ച് ജന്തർമന്തറിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചു. കൂടാതെ ലൂട്ട്യൻസ് ഡൽഹി, കനോട്ട് പ്ലേസ്, പട്ടേൽ ചൗക്ക് തുടങ്ങി പ്രധാന നഗരമേഖലകളിലും തന്ത്രപ്രധാന വീഥികളിലും കടുത്ത ഗതാഗത നിയന്ത്രണങ്ങളും പരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.
മുംബൈയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന സമരനേതാക്കളെയും പ്രവർത്തകരെയും വിമാനത്താവളത്തിലും അതിർത്തികളിലും വെച്ച് തടയാനും മുൻകരുതലായി കസ്റ്റഡിയിലെടുക്കാനുമുള്ള പ്ലാനാണ് പോലീസ് തയാറാക്കിയിരിക്കുന്നത്.















