പിണറായി സർക്കാരിന്റെ പരാജയം എസ്.ഐ.ആർ മൂലമെന്ന വാദം തള്ളി യൂത്ത് ലീഗ്; അഭിജീത് ദീപ്കെയ്ക്കെതിരെ ഷിബു മീരാൻ.
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിന് അധികാരം നഷ്ടപ്പെടാൻ കാരണം വോട്ടർ പട്ടിക പരിഷ്കരണത്തിലെ (എസ്.ഐ.ആർ) അട്ടിമറിയാണെന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പ്രസ്താവന തള്ളി മുസ്ലിം യൂത്ത് ലീഗ്. ഭരണത്തിലെ പാളിച്ചകൾ കൊണ്ടാണ് ഇടതിന് അധികാരം നഷ്ടമായതെന്ന് സി.പി.എം തന്നെ വിലയിരുത്തിയിട്ടുള്ളതാണെന്നും, ഇതിൽ എൽ.ഡി.എഫിന് വേണ്ടി വക്കാലത്ത് പിടിക്കേണ്ട കാര്യം സി.ജെ.പിക്കില്ലെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാൻ വ്യക്തമാക്കി.
അഭിജീത് ദീപ്കെയുടെ ഇത്തരം പ്രസ്താവനകൾ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിപക്ഷം നടത്തുന്ന വിശാലമായ പ്രക്ഷോഭങ്ങൾക്ക് തിരിച്ചടിയാകുമെന്നും ഷിബു മീരാൻ കുറ്റപ്പെടുത്തി. വോട്ടർ പട്ടികയിൽ നിന്ന് അർഹരായ വോട്ടർമാരെ മരിച്ചവരായി കാട്ടി വോട്ട് വെട്ടിയതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും, കേരളത്തിൽ പിണറായി വിജയന്റെയും തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെയും തോൽവി ആസൂത്രിതമായിരുന്നുവെന്നും അഭിജീത് ദീപ്കെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.















