കേരള സർക്കാരിൻറെ നൂറുദിന കർമ്മപരിപാടിയോടു ചേർത്ത് എക്സൈസ് വകുപ്പ് നടത്തുന്ന ‘മയങ്ങില്ല കേരളം’ പദ്ധതിയുടെ ഭാഗമായി പാലാ സെൻറ് തോമസ് കോളേജിനെ ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസിൻ്റെ അധ്യക്ഷതയിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പൂഞ്ഞാർ എം. എൽ. എ അഡ്വ. എം. ജെ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലഹരിയ്ക്കു പകരം യുവതതലമുറയെ പ്രചോദിപ്പിക്കാവുന്ന അനന്ത സാധ്യതകളാണ് നിർമ്മിത
ബുദ്ധി തുറന്നു വയ്ക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ കുടുംബ കോടതിയിലെ ജഡ്ജി പി. ജ്യോതിസ് ബെൻ കോളേജിനെ ഡ്രഗ് ഫ്രീ ക്യാംപസായി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തി. സൽപ്പേര് സംരക്ഷിക്കാൻ ലഹരി ഉപയോഗം മറച്ചുവയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പെരുകുന്ന സമകാലീന കേരളത്തിൽ പാലാ സെൻറ് തോമസ് ലഹരിയോടു ചെയ്യുന്ന സന്ധിയില്ലാത്ത സമരം അഭിനന്ദനാർഹമാണെന്ന് അവർ കൂട്ടിച്ചേർത്തു. പാലാ താലൂക്കിൻറെ തഹസിൽദാർ സജിമോൻ മാത്യു മുഖ്യപ്രഭാഷണം നടത്തി.
അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി പദ്ധതിയുടെ ജില്ലാ മാനേജരുമായ എം. കെ പ്രസാദ് വിഷയാവതരണം നടത്തുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. ഡ്രഗ് ഫ്രീ ക്യാംപസിന്റെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട എൻ. സി. സി. കേഡറ്റ് എം. ബി. സിദ്ധാർഥ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കെ. തോമസ്, പാലാ മുനിസിപ്പൽ കൗൺസിലർ ശ്രീമതി പ്രിൻസി സണ്ണി, ആന്റി നർക്കോട്ടിക് ക്ലബ് കോ-ഓർഡിനേറ്റർ ഡോ. ജസ്റ്റിൻ ജോസ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജെക്സി ജോർജ് എന്നിവർ സംസാരിച്ചു.















