“ആരും മരിക്കാത്ത ഒരു കഥ പറഞ്ഞു തരുമോ” എന്ന് രവിയോടുള്ള കുഞ്ഞാമിനയുടെ നിഷ്‌കളങ്കമായ ചോദ്യം ‘ഞാറ്റുപുര’യിൽ കാതോർത്താൽ ഇപ്പോഴും കേൾക്കാം. രവിയും മൈമുനയും അള്ളാപ്പിച്ചമൊല്ലാക്കയും അപ്പുക്കിളിയും മൈമുനയും കുഞ്ഞാമിനയും നൈജാമലിയും ഉൾപ്പെടെ യുള്ള കഥാപാത്രങ്ങളെ ഒ.വി. വിജയൻ മെനഞ്ഞെടുത്ത തസ്രാക്കിലേക്ക് പാലാ സെൻ്റ് തോമസ് ഓട്ടേണമസ് കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നടത്തിയ പഠനയാത്ര വേറിട്ട അനുഭവമായി. തസ്രാക്കിൽ ഏകാദ്ധ്യാപകവിദ്യാലയത്തിൽ ജോലി ചെയ്തിരുന്ന സഹോദരി ഒ.വി. ശാന്തയ്ക്ക് ഒപ്പം 1954 ൽ ഒ.വി. വിജയൻ രണ്ടാഴ്ചയോളം താമസിച്ചിരുന്നു. അക്കാലത്തെ ഓർമ്മക
ളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഖസാക്കിൻ്റെ ഇതിഹാസം എന്ന അനശ്വര നോവൽ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. ഗതാഗത സൗകര്യങ്ങളില്ലാതിരുന്ന തസ്രാക്കിൽ അനേകദൂരം കാൽ നടയായി യാത്ര ചെയ്തെത്തുന്ന ടീച്ചറിനെ കണ്ട് ദയ തോന്നിയാണ് രാഘവൻ നായർ എന്ന തസ്രാക്കുകാരൻ ഞാറ്റുപുരയുടെ ഒരു മുറി താമസിക്കാൻ നല്കിയത്. സഹോദരിയെ കാണാൻ തസ്രാക്കിലെത്തിയ ഒ.വി. വിജയൻ രണ്ടാഴ്ചയോളം അവിടെ താമസിച്ചിരുന്നതിൻ്റെ ഓർമ്മകൾ തസ്രാക്കിലെ പഴയ തലമുറയ്ക്ക് ഇന്നും പങ്കുവയ്ക്കാനുണ്ട്. നോവലിലെ അള്ളാപ്പിച്ച മൊല്ലാക്ക ഉൾപ്പെടെയുള്ള കഥാപാത്രങ്ങളിൽ പലരും തസ്രാക്കിൽ ജീവിച്ചിരുന്നവരാണ്. പഴയ ഞാറ്റുപുരയെ അതിൻ്റെ തനിമയിൽ നിലനിർത്തിയിരിക്കുന്നതിനൊപ്പം ഒ.വി. വിജയൻ്റെ സാഹിത്യ
ജീവിതത്തിലേക്കും വ്യക്തിജീവിതത്തിലേക്കും വെളിച്ചം വീശുന്ന ഒട്ടേറെ കാഴ്ചകളും ഇവിടെ ഒരുക്കിയി രിക്കുന്നു. അക്ഷരങ്ങളിലൂടെ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ശില്പകലയിലൂടെ പുനരാവിഷ്കരിച്ചിരിക്കുന്നു. ഒ.വി. വിജയൻ്റെ കൈയക്ഷരത്തിലുള്ള കത്തുകൾ, പ്രസിദ്ധ സാഹിത്യകാരന്മാർ അദ്ദേഹത്തിനയച്ചിട്ടുള്ള കത്തുകൾ, മൂല കൃതികൾ, ഇന്ത്യൻ രാഷ്ട്രീയ ത്തിലെ സംഘർഷഭരിതമായ കാലഘട്ടങ്ങളിൽ അദ്ദേഹം വരച്ച പ്രശസ്തമായ കാർട്ടൂണുകൾ, ലഭിച്ച പുരസ്കാരങ്ങൾ, കൃതികളെ അടിസ്ഥാനമാക്കി വരച്ച വ്യത്യസ്തങ്ങളായ പെയിൻ്റിംഗുകൾ, വിവിധ കാലഘട്ടങ്ങളിലെ അപൂർവ്വങ്ങളായ ഫോട്ടോകൾ എന്നിവ ഉൾപ്പെടുന്ന ഫോട്ടോഗാലറിയും മിനി തിയേറ്ററും സ്മാരകമന്ദിരത്തിലുണ്ട്. കരിമ്പനകളും നാട്ടുമാവുകളും വിശാലമായ പാടശേഖരങ്ങളും ചെറുവഴികളും ഉൾപ്പെട്ട ഖസാക്കിൻ്റെ സൗന്ദര്യം തസ്രാക്കിന് ഇന്നും അന്യമായിട്ടില്ല. മൈമുന യുടെ ജീവിതത്തോടു ബന്ധപ്പെടുത്തി നോവലിൽ വർണിക്കുന്ന അറബിക്കുളം മനോഹ രമായാണ് സംരക്ഷിച്ചിരിക്കുന്നത്. സാഹിത്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും ചരിത്രത്തിൻ്റെയും പരിസ്ഥിതി യുടെയും വ്യത്യസ്താനുഭവങ്ങൾ തേടിയുള്ള പഠനയാത്രയിൽ കല്പാത്തി അഗ്രഹാരവും പാലക്കാട് കോട്ടയും കൊല്ലങ്കോടും ഉൾപ്പെട്ട സ്ഥലങ്ങളുമുണ്ടായിരുന്നു. റവ.ഡോ. കുര്യൻ മറ്റം ഫൗണ്ടേഷൻ്റെയും സർഗ്ഗം ബുക്ക് ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനയാത്രയിൽ നൂറ് വിദ്യാർത്ഥികൾ പങ്കെടുത്തു. കേരള കലാമണ്ഡലം, ഇരിങ്ങോൾകാവ്, വള്ളത്തോൾ മ്യൂസിയം, വരിക്കാശ്ശേരി മന, വൈക്കം മുഹമ്മദ്ബഷീറിൻ്റെ ജന്മഗൃഹം, ബഷീർ മ്യൂസിയം, പടയണിക്ക് പ്രസിദ്ധമായ നീലംപേരൂർ ഗ്രാമം തുടങ്ങിയ വിവിധയിടങ്ങളിലേക്കായിരുന്നു മുൻ വർഷങ്ങളിൽ പഠന യാത്ര നടത്തിയത്. വൈസ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പില്‍ ഫാ. ജൂബിൻ വാഴയ്ക്കപ്പാറ അദ്ധ്യാപകരായ മിലു ടെസ് കുര്യൻ, സൗമ്യ ജോസ്, ഡോ. സുവർണിനിദേവി ഇ., സിജു ജോസഫും വിദ്യാർത്ഥികളായ ഹരികൃഷ്ണൻ ബിനു, ബിൽഹ എ. എസ്, പാർവ്വതി പ്രേംജിത്ത് എന്നിവരും നേതൃത്വം നല്കി.















