പാലാ: രാമപുരം ഫൊറോനയ്ക്ക് കീഴിലുള്ള പ്രശസ്തമായ അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുന്നാൾ ആഘോഷങ്ങൾ നടക്കുന്നു. തിരുന്നാളിന്റെ ഭാഗമായി ഇന്ന് (ഞായറാഴ്ച) പ്രധാന തിരുന്നാൾ ചടങ്ങുകളും ഉച്ചയ്ക്ക് ശേഷം 3.30-ന് മത്തായി നാമധാരികളുടെ സംഗമവും നടക്കും.
സെപ്റ്റംബർ 10 മുതൽ ആരംഭിച്ച നൊവേനയ്ക്കും പ്രത്യേക തിരുക്കർമ്മങ്ങൾക്കും ശേഷം സെപ്റ്റംബർ 18, 19, 20, 21 തീയതികളിലായാണ് ഈ വർഷത്തെ തിരുന്നാൾ വിപുലമായി ആഘോഷിക്കുന്നത്. ഫാ. ജോസഫ് ചെറുകരകുന്നേൽ (വികാരി), ലിന്റൻ ജോസഫ് വെളുത്തേടത്തുകാട്ടിൽ, വി.എ. അഗസ്റ്റ്യൻ വെള്ളിമുഴയിൽ, അലക്സി തെങ്ങുംപള്ളിക്കുന്നേൽ എന്നിവരാണ് തിരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.
1891-ൽ സ്ഥാപിതമായ അന്ത്യാളം ഇടവക, കേരളത്തിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ നാമത്തിലുള്ള അപൂർവം ചില ദേവാലയങ്ങളിൽ ഒന്നാണ്. ഇന്ന് രാവിലെ വിശുദ്ധ കുർബാനയും തുടർന്ന് ചെണ്ടമേളവും വിവിധ തിരുക്കർമ്മങ്ങളും നടക്കും.















