ദൈവവചനം നൽകുന്ന ധീരത ഭയമകറ്റി പ്രത്യാശയിലേക്കും അനുകമ്പയിലേക്കും നയിക്കും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
ചങ്ങനാശേരി: ദൈവവചനം നൽകുന്ന ധീരത മനുഷ്യരിലെ ഭയമകറ്റി പ്രത്യാശയിലേക്കും അനുകമ്പയിലേക്കും നയിക്കുമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. അതിരൂപത കുടുംബകൂട്ടായ്മയുടെയും ബൈബിൾ അപ്പൊസ്തലേറ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈബിൾ വചന മനഃപാഠ പഠന സംഗമമായ “നൂറുമേനി സീസൺ-4” സമാപന സമ്മേളനവും സീസൺ-5ന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി എസ്.ബി. കോളജിലെ കാവുകാട്ട് ഹാളിലായിരുന്നു പരിപാടി.
ധീരത മറ്റുള്ളവരെ സ്നേഹിക്കാനും അനുകമ്പയോടെ കാണാനുമുള്ള കൃപ സമ്മാനിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. നൂറുമേനി ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ ആമുഖപ്രഭാഷണവും കെ.സി.ബി.സി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ജോജു കോക്കാട്ട് മുഖ്യപ്രഭാഷണവും നടത്തി.
ബൈബിൾ അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. ഡോ. കുര്യൻ മൂലയിൽ, സംസ്ഥാന ബാലാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ്, നൂറുമേനി ജനറൽ കൺവീനർമാരായ പ്രഫ. ജോസഫ് ടിറ്റോ, ഡോ. ജോബിൻ എസ്. കൊട്ടാരം, നവജീവൻ ട്രസ്റ്റ് ഡയറക്ടർ പി.യു. തോമസ് തുടങ്ങി നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. നൂറുമേനി ആദ്യ മൂന്ന് സീസണുകൾക്ക് നേതൃത്വം നൽകിയ ഫാ. ജോർജ് മാന്തുരുത്തിലിനെ ചടങ്ങിൽ ആദരിച്ചു.















