രാമപുരം: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ രാമപുരത്തിന്റെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളെയും സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ട് ‘അരങ്ങ് 2K26’ എന്ന പേരിൽ വമ്പിച്ച ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 12 ശനിയാഴ്ച രാമപുരം ആർ.വി.എം. സ്കൂളിൽ നടക്കുന്ന അത്തപ്പൂക്കള മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
ഉച്ചകഴിഞ്ഞ് 3 മണിക്ക് അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന വർണ്ണശബളമായ ഘോഷയാത്ര പാലാ ഡി.വൈ.എസ്.പി. കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്യും. മാവേലി, റോബോട്ടിക് ആന, തമ്പോലം, പുലികളി, നിശ്ചലദൃശ്യങ്ങൾ, സ്ട്രീറ്റ് ഡാൻസ് തുടങ്ങിയ കലാരുപങ്ങളും ടാബ്ലോ, ഫാൻസി ഡ്രസ് മത്സരങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. റോസറി ഗ്രാമം ഓഡിറ്റോറിയത്തിൽ സമാപിക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം വിസ്മയകരമായ ആകാശദൃശ്യങ്ങളും അരങ്ങേറും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കേരള ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എം.പി., മാണി സി. കാപ്പൻ എം.എൽ.എ., മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ തുടങ്ങിയവർ പങ്കെടുക്കും. പ്രശസ്ത ഗായകൻ ജിൻസ് ഗോപിനാഥ് നയിക്കുന്ന കലാസന്ധ്യ, ഡി.ജെ. നൈറ്റ്, ഫുഡ് ഫെസ്റ്റ്, കാർഷിക പ്രദർശനം എന്നിവയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും കർഷകരെ ആദരിക്കലും ഇതോടൊപ്പം നടക്കും.
പരിപാടിയുടെ വരവറിയിച്ച് സെപ്റ്റംബർ 11-ന് നൂറിലധികം ബൈക്കുകൾ അണിനിരക്കുന്ന വിളംബര റാലിയും, സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കൊച്ചിൻ മിഡാക്ക് അവതരിപ്പിക്കുന്ന ‘രാമപുരത്തു വാര്യർ’ നാടകവും അരങ്ങേറും.















