ഡൽഹി പത്ത് ജൻപഥിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ച പൂർത്തിയായി. അരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി കേരള ഹൗസിലേക്ക് മടങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ വി.ഡി. സതീശൻ തയ്യാറായില്ല.
കേരളത്തിലെ കെ.പി.സി.സി. അധ്യക്ഷ നിയമനം ഇനി ഒട്ടും വൈകരുതെന്ന് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ ധരിപ്പിച്ചതായാണ് വിവരം. പാർട്ടിയെ നയിക്കാൻ ഒരു മുഴുവൻ സമയ അധ്യക്ഷൻ വരണമെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. വിഷയത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി മറുപടി നൽകിയെന്നാണ് സൂചന.
അതേസമയം, ഏറെ വിവാദമായ പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ചകൾ നടന്നില്ലെന്നാണ് വിവരം. പദ്ധതി കേരളത്തിൽ നടപ്പാക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി വി.ഡി. സതീശനെങ്കിലും എ.ഐ.സി.സി. ഇതിനോട് കടുത്ത എതിർപ്പിലാണ്. സംഘപരിവാർ അജണ്ടയായ പി.എം. ശ്രീ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പി.എം. ശ്രീ പദ്ധതി നിലവിലുണ്ട്.















