പാലാ: പരിസ്ഥിതി സൗഹൃദവും ആരോഗ്യപ്രദവുമായ സസ്യാധിഷ്ഠിത ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി സംഘടിപ്പിച്ച ‘വീഗൻ എക്സ്പ്രസ് 2026’ സമാപിച്ചു. സെപ്റ്റംബർ 2, 3 തീയതികളിലായി നടന്ന ദേശീയതല കലിനറി ഫെസ്റ്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25-ലധികം പ്രമുഖ ടീമുകൾ പങ്കെടുത്തു.
‘ഒരുമിച്ച് പാചകം ചെയ്യാം, മികച്ചൊരു നാളേക്കായി’ (Together, let’s cook a better tomorrow) എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ദേശീയതല ഇന്റർകൊളീജിയറ്റ് പാചകമത്സരങ്ങൾ, ലൈവ് കുക്കിംഗ് ഡെമോൺസ്ട്രേഷനുകൾ, നൂതന പ്ലാന്റ്-ബേസ്ഡ് വിഭവങ്ങളുടെ പ്രദർശനം, ശിൽപശാലകൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി.
കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് തടത്തിൽ മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫെഡറേഷൻ ഓഫ് കലിനറി അസോസിയേഷൻസ് (IFCA) വൈസ് പ്രസിഡന്റും പ്രശസ്ത കോർപ്പറേറ്റ് ഷെഫുമായ സീതാരാം പ്രസാദ് മുഖ്യാതിഥിയായിരുന്നു. പ്രമുഖ ഷെഫുമാരായ സുരേഷ് എസ്. ബാബു, രാജ് സേഥിയ, അർച്ചന പൈ, ജോർജ് കെ. ജോർജ് എന്നിവർ ഗ്രാൻഡ് ജൂറി അംഗങ്ങളായും റിസോഴ്സ് പേഴ്സൺമാരായും പങ്കെടുത്തു. പ്രമുഖ വീഗൻ സംരംഭകനും ഗ്രീൻ റാബിറ്റ് വീഗൻ കാറ്ററിംഗ് സ്ഥാപകനുമായ വി. അരവിന്ദൻ സദസ്സുമായി ആശയവിനിമയം നടത്തി.
ഭാവി തലമുറയിലെ ഷെഫുമാർക്ക് പരിസ്ഥിതി അവബോധവും ഉത്തരവാദിത്തമുള്ള പാചകരീതികളും പകർന്നുനൽകാൻ കഴിഞ്ഞത് മേളയുടെ വലിയ നേട്ടമായി വിലയിരുത്തപ്പെട്ടു. രുചിക്കപ്പുറം ആരോഗ്യവും പ്രകൃതിസംരക്ഷണവും ചേരുന്ന പുത്തൻ ഭക്ഷണസംസ്കാരം വളർത്തിയെടുക്കാനുള്ള മികച്ച വേദിയായി ‘വീഗൻ എക്സ്പ്രസ് 2026’ മാറി.

















