പാലാ: മുന്നണിയിലെ പദവികൾ സംബന്ധിച്ച പരസ്യമായ കലഹം ഇടതുമുന്നണിയിൽ നിന്നും ജനങ്ങൾ കൂടുതൽ അകലുന്നതിന് കാരണമാകുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. കേന്ദ്രസർക്കാരിന്റെ വർഗീയ അജണ്ടകൾക്ക് വഴങ്ങാതെ ജനങ്ങൾക്കൊപ്പം നിന്ന് വികസന-ക്ഷേമപ്രവർത്തനങ്ങൾ നടത്തിയിട്ടും എന്തുകൊണ്ട് പരാജയം സംഭവിച്ചു എന്ന ആഴത്തിലുള്ള വിലയിരുത്തലുകളും തിരുത്തലുകളുമാണ് ഇപ്പോൾ എൽ.ഡി.എഫിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതല്ലാത്ത നിലപാടുകൾ രാഷ്ട്രീയ ആത്മഹത്യക്ക് തുല്യമാണെന്ന ധാരണ മുന്നണിയിലെ എല്ലാ ഘടകകക്ഷികൾക്കും വേണം. കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ ക്യാമ്പ് പാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിലവിൽ ‘സതീശൻ നയിക്കുന്നു, ബി.ജെ.പി ഭരിക്കുന്നു’ എന്ന അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. വി.ഡി. സതീശനിലൂടെ ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾ ഭരണതലത്തിൽ നടപ്പാക്കുകയാണെന്നും പി.എം ശ്രീ, ലൈഫ് ഭവന പദ്ധതി എന്നിവയിൽ ബി.ജെ.പി അജണ്ടകൾക്ക് യു.ഡി.എഫ് സർക്കാർ കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പ്രളയം അടക്കമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഭരണനേതൃത്വം പരാജയപ്പെട്ടു. മന്ത്രിമാർ പരസ്പരവിരുദ്ധമായി സംസാരിക്കുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ ക്യാമ്പ് അംഗീകരിച്ച പ്രധാന പ്രമേയങ്ങൾ:
- പ്രളയ ദുരിതാശ്വാസം: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രളയ ദുരിതങ്ങൾ മുൻകൂട്ടി കണ്ട് മീനച്ചിലാറിന്റെയും മണിമലയാറിന്റെയും സംഭരണശേഷി കൂട്ടാനും, വേമ്പനാട്ടുകായലിന്റെ സംഭരണശേഷി വീണ്ടെടുക്കാനും കൃത്യസമയത്ത് തണ്ണീർമുക്കം ബണ്ട് തുറക്കാനും നടപടി സ്വീകരിക്കണം.
- പരിസ്ഥിതി ലോല വില്ലേജുകൾ & വന്യമൃഗശല്യം: മലയോര മേഖലയിലെ പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച അന്തിമ വിജ്ഞാപനം സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. വന്യമൃഗ ആക്രമണം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണം.
- സംഘടനാ പ്രവർത്തനം: ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രവർത്തനം ശക്തമാക്കും. ജനകീയ വിഷയങ്ങളിൽ പ്രാദേശിക സമരങ്ങൾ സംഘടിപ്പിക്കാനും, പാർട്ടി പ്രവർത്തകരെ സംയോജിപ്പിച്ച് ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും നടത്താനും തീരുമാനിച്ചു.
പ്രഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ, ഡോ. എൻ. ജയരാജ്, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാൽ, ജോർജുകുട്ടി അഗസ്തി, ഔസേപ്പച്ചൻ, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, സോണി സക്കറിയ, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാല, സിറിയക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, ബ്രൈറ്റ് വട്ടനിരപ്പേൽ, ജോസഫ് ചാമക്കാല, എ.എം. മാത്യു, ലാലിച്ചൻ കുന്നിപ്പറമ്പിൽ, സാജൻ കുന്നത്ത്, ടോബിൻ കെ. അലക്സ്, ജോജി കുറത്തിയാടൻ, ജോസ് ഇടവഴിക്കൽ, ലൂക്ക് മാത്യു, ഡിനു ചാക്കോ, ഡാനി തോമസ്, രാമചന്ദ്രൻ അള്ളുപുറം, ജോ കൈപ്പൻപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

















