എം.സി റോഡിൽ വട്ടപ്പാറ കണക്കോടിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ബസ് യാത്രക്കാരടക്കം 15 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം തമ്പാനൂരിൽ നിന്നും കിളിമാനൂരിലേക്ക് പോവുകയായിരുന്ന ബസും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടസമയത്ത് ബസിൽ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
അപകടം നടന്നയുടൻ പ്രദേശവാസികളും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് എം.സി റോഡിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.

















