2026 ആഗസ്റ്റ് 28 വെള്ളി ചിങ്ങം 12
👉📰 ചാറ്റൽമഴ പോലും ഇല്ലാതിരുന്ന പ്രദേശത്തെ മിനിറ്റുകൾക്കുള്ളിൽ വിഴുങ്ങിയത് അതിഭീകരമായ ഹിമതടാക വിസ്‌ഫോടനം (GLOF – Glacial Lake Outburst Flood). നേപ്പാൾ-ചൈന അതിർത്തിയിലെ മലനിരകളിൽ രൂപപ്പെട്ട പ്രതിഭാസമാണ് ഭോട്ടെ കോഷി, ത്രിശൂലി നദികളിലൂടെ ഇരച്ചെത്തി വൻ ദുരന്തം വിതച്ചത്.
👉📰 ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുകെട്ടി സാധാരണക്കാർക്ക് ആശ്വാസമേകി സപ്ലൈകോയ്ക്ക് റെക്കോർഡ് വിറ്റുവരവ്. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള 35 ദിവസത്തിനിടെ 433.81 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ നേടിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു.
👉📰 സീറോ മലബാർ സഭയിൽ പുതിയ നിയമനം. കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു. കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഇടവകാംഗമാണ് നിയുക്ത മെത്രാനായ ഫാ. തോമസ് ആനിമൂട്ടിൽ.
👉📰 നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 270 ആയി ഉയർന്നു. 288-ഓളം ഇന്ത്യക്കാരുമായി ഇനിയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) വക്താവ് രൺധീർ ജെയ്സ്വാൾ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. കേരളത്തിൽ നിന്നുള്ള 33 പേരുമായി നിലവിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും, 53 മലയാളികളുമായി ഇനിയും ആശയവിനിമയം സാധ്യമായിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്.
👉📰 ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ നേതൃത്വത്തിലാണ് സമരക്കാരുമായി കൂടിക്കാഴ്ച നടന്നത്. സമരക്കാരുടെ പ്രതിനിധികളായ ഹർഷ ദുബെ, റാൻ ബഹാദൂർ സിംഗ് ചൗഹാൻ, മൃത്യുഞ്ജയ് പഥക് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
👉📰 പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ച തേവർ (62) ആണ് മരിച്ചത്. പൂപ്പാറ തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കർ ഭാഗത്ത് വെച്ചായിരുന്നു അപകടം.
👉📰 സമുദ്രവ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം. ഒമാനിലെ ഖസബ് തീരത്തിന് സമീപം ചൊവ്വാഴ്ച സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. അജ്ഞാത പ്രൊജക്റ്റൈൽ പതിച്ച് കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും ഉടൻ തന്നെ തീയണച്ചതായും ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ ചരക്കപ്പലിന് നേരെ ആക്രമണമുണ്ടാകുകയും ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
👉📰 സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്ന പദ്ധതിയുമായി ആരോഗ്യവകുപ്പ് മുന്നോട്ട്. ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ (KGMOA) ശക്തമായ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് ഡോക്ടർമാരുടെ പുനർവിന്യാസത്തിനുള്ള അന്തിമ രൂപരേഖ ആരോഗ്യവകുപ്പ് തയ്യാറാക്കിയത്.
👉📰 കേരള കോൺഗ്രസ് (എം) കോട്ടയം ജില്ല ഏകദിന ക്യാമ്പ് ആഗ: 29 ന് ശനിയാഴ്ച പാലായിൽ നടക്കും. പാലാ സൺ സ്റ്റാർ കൺവെൻഷൻ സെന്ററിൽ രാവിലെ 9.30 ന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന ക്യാമ്പ് പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിക്കും. പാർട്ടിയുടെ വാർഡ്, മണ്ഡലം, നിയോജകമണ്ഡലം, ജില്ലാ തലങ്ങളിൽ തെരഞ്ഞെടുപ്പ് അവലോകനങ്ങളും വിശദമായ ചർച്ചകളും പൂർത്തിയാക്കിയതിനുശേഷമാണ് ജില്ലാ ക്യാമ്പ് നടത്തപ്പെടുന്നത്.
👉📰 എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന 35 യാത്രക്കാർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടിയിൽ നിന്നും ഇലഞ്ഞിയിലേക്ക് പോവുകയായിരുന്ന വിവാഹസംഘമാണ് അപകടത്തിൽപ്പെട്ടത്.

















