ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുകെട്ടി സാധാരണക്കാർക്ക് ആശ്വാസമേകി സപ്ലൈകോയ്ക്ക് റെക്കോർഡ് വിറ്റുവരവ്. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള 35 ദിവസത്തിനിടെ 433.81 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ നേടിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു.
ഇത്തവണ ഏറ്റവും കൂടുതൽ വിറ്റുവരവ് രേഖപ്പെടുത്തിയത് ഉത്രാട ദിനത്തിലാണ് — 27.85 കോടി രൂപ. ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്‌സിഡി ഇനത്തിലും 278.42 കോടി രൂപ സബ്‌സിഡിയിതര ഇനത്തിലുമാണ്. സബ്‌സിഡി വെളിച്ചെണ്ണ മുൻവർഷത്തേക്കാൾ 35 ശതമാനം വിലകുറച്ചാണ് ലഭ്യമാക്കിയത്. 35 ദിവസത്തിനിടെ 53.86 ലക്ഷം ആളുകളാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം മെഗാ ട്രേഡ് ഫെയറുകൾ അടക്കമുള്ള ജില്ലാ ഫെയറുകളിൽ നിന്ന് മാത്രം 5.33 കോടി രൂപ ലഭിച്ചു. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ നിന്ന് 94 ലക്ഷം രൂപ ലഭിച്ചപ്പോൾ കഴിഞ്ഞ വർഷം ജില്ലാ ഫെയറുകളിൽ നിന്നുള്ള ആകെ വിറ്റുവരവ് 4.82 കോടി രൂപയായിരുന്നു.

















