തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്ന പദ്ധതിയുമായി ആരോഗ്യവകുപ്പ് മുന്നോട്ട്. ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ (KGMOA) ശക്തമായ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് ഡോക്ടർമാരുടെ പുനർവിന്യാസത്തിനുള്ള അന്തിമ രൂപരേഖ ആരോഗ്യവകുപ്പ് തയ്യാറാക്കിയത്.
പുതിയ തസ്തികകൾ സൃഷ്ടിക്കാതെ, പ്രധാന ആശുപത്രികളിലെ ആറ് പ്രധാന സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ മുഴുവൻ സമയവും സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി ആദ്യമായി നടപ്പാക്കുന്ന പുനലൂർ താലൂക്ക് ആശുപത്രിയിൽ മാത്രം 15 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ അധികമായി ആവശ്യമുണ്ട്. ഇതിനായി കൊല്ലം ജില്ലയിലെ പ്രാഥമിക-സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നായി 74 ഡോക്ടർമാരെ പുനർവിന്യസിക്കും. കൂടാതെ നഴ്സുമാർ അടക്കമുള്ള ജീവനക്കാരെയും മാറ്റി നിയമിക്കും. ആവശ്യമെങ്കിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നുള്ള സേവനവും പ്രയോജനപ്പെടുത്തും. പുനലൂരിലെ മാതൃക പിന്നീട് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് തീരുമാനം.
പി.ജി യോഗ്യതയുള്ള അസിസ്റ്റന്റ് സർജന്മാരെ ജൂനിയർ കൺസൾട്ടന്റുമാരായി താത്കാലികമായി നിയമിച്ചാണ് പദ്ധതി നടപ്പിലാക്കുക. സ്പെഷ്യലിസ്റ്റുകളെ മാറ്റുമ്പോൾ പകരം ജോലിഭാരം കുറഞ്ഞ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരെയും പുതുതായി നിയമിക്കുന്ന പി.ജി ബിരുദധാരികളായ അസിസ്റ്റന്റ് സർജന്മാരെയും നിയമിക്കും. പൊതുജനങ്ങൾക്ക് തടസ്സമില്ലാത്തതും മികച്ചതുമായ ചികിത്സാ സൗകര്യം ലഭ്യമാക്കാനാണ് സമഗ്രമായ ഈ പുനർവിന്യാസമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

















