ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സമ്പന്നമായ സംസ്കാരവും സാഹോദര്യവുമാണ് ഓണം വ്യക്തമാക്കുന്നതെന്നും ഇത്തരം ആഘോഷങ്ങൾ രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വം ഊട്ടിയുറപ്പിക്കുന്നുവെന്നും രാഷ്ട്രപതി ഓണസന്ദേശത്തിൽ പറഞ്ഞു. ഓണം എല്ലാവർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും
പ്രദാനം ചെയ്യട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. പുതിയ വിളവെടുപ്പ് കാലത്ത് പ്രകൃതിയോട് നന്ദി അറിയിക്കാനുള്ള അവസരമാണിതെന്നും കേരളത്തിന്റെ തനത് സംസ്കാരത്തെയും മൂല്യങ്ങളെയും വള്ളംകളിയും നാടൻ കലകളും പ്രതിഫലിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മലയാളികൾക്ക് പൊന്നോണാശംസകൾ നേർന്നു. സൗഹാർദത്തിന്റെയും ഒത്തൊരുമയുടെയും ഉത്സവമായ തിരുവോണം എല്ലാ വീടുകളിലും സന്തോഷവും സമാധാനവും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഓണത്തിന്റെ സന്ദേശം ഇന്ത്യയുടെ മഹത്തായ മൂല്യങ്ങളുടെ പ്രതിഫലനമാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രകൃതി ദുരന്തങ്ങളും പ്രതിസന്ധികളും വരുത്തിവെച്ച പ്രയാസങ്ങളിൽ തളരാതെ അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവും നൽകുന്നതാണ് ഓരോ ഓണാഘോഷവുമെന്ന് വി. ഡി. സതീശനും ആശംസാ സന്ദേശത്തിൽ വ്യക്തമാക്കുകയുണ്ടായി.

















