തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് കേസിൽ വീണ വിജയനെതിരെയുള്ള ഇഡി അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അന്വേഷണ ഏജൻസികളുടെ നടപടികളിൽ കോൺഗ്രസിന് പ്രത്യേകിച്ച് ഒരു ഇടപെടലുമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ കേന്ദ്ര-സംസ്ഥാന ഏജൻസികൾ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളെ സ്വാഗതം ചെയ്ത മുരളീധരൻ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകളിൽ പെട്ടവരായാലും ലഹരി കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കണമെന്ന് വ്യക്തമാക്കി. ഒരു തലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള നീക്കമാണിതെന്നും അതിൽ രാഷ്ട്രീയ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















