കേരളീയർക്ക് ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതുവർഷപ്പിറവി. മലയാള മാസം ചിങ്ങം ഒന്നിന് സംസ്ഥാനമൊട്ടാകെ കാർഷിക ദിനമായും ആഘോഷിക്കുന്നു. കർക്കടകത്തിന്റെ വറുതിയും പെയ്തൊഴിഞ്ഞ മഴമേഘങ്ങളും മാറിനിൽക്കുന്ന ഇനിയുള്ള നാളുകൾ മലയാളികൾക്ക് ഓണനാളുകളാണ്.
പാടങ്ങളിൽ പൊൻകതിരണിഞ്ഞും പറമ്പുകളിൽ പൂക്കൾ വിരിഞ്ഞും മലയാളിയുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലോടെയാണ് ഓരോ ചിങ്ങപ്പുലരിയും കടന്നുവരുന്നത്. ക്ഷേത്രങ്ങളിൽ വലിയ ജനത്തിരക്കാണ് പുലർച്ചെ മുതൽ അനുഭവപ്പെടുന്നത്. സംസ്ഥാനത്തെമ്പാടും കാർഷിക മേളകളും കർഷകരെ ആദരിക്കുന്ന വിവിധ ചടങ്ങുകളും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്. കർഷക മനസ്സുകൾക്ക് പ്രത്യാശയും ആവേശവും പകരുന്ന ഈ ചിങ്ങപ്പുലരിയിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഓണാഘോഷങ്ങളുടെ ഒരുക്കത്തിലേക്ക് കടക്കുകയാണ്.
















