നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) ഗുരുതര കണ്ടെത്തലുകളുമായി സി.ബി.ഐ കുറ്റപത്രം. ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ദ്ധരെയും അധ്യാപകരെയും തിരഞ്ഞെടുക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങളോ വ്യവസ്ഥകളോ എൻ.ടി.എ പാലിച്ചിരുന്നില്ലെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു. നിലവിലുള്ള ഉദ്യോഗസ്ഥരുടെ പരിചയക്കാരുടെയും വ്യക്തിപരമായ ശുപാർശകളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരം നിർണായക തസ്തികകളിലേക്ക് നിയമനങ്ങൾ നടന്നിരുന്നത്.
മതിയായ മാനദണ്ഡങ്ങളില്ലാതെ നടത്തിയ ഇത്തരം നിയമനരീതിയാണ് ചോദ്യപേപ്പർ ചോർച്ചയിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വിഷയ വിദഗ്ദ്ധരുടെ നിയമനത്തിനായി രേഖാമൂലമുള്ള നടപടിക്രമങ്ങളോ കൃത്യമായ നിയമന ഉത്തരവുകളോ എൻ.ടി.എയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. കൂടാതെ ചോദ്യപേപ്പർ തയ്യാറാക്കുന്നവർക്കും വിവർത്തനം ചെയ്യുന്നവർക്കും മേൽ യാതൊരുവിധത്തിലുള്ള നിരീക്ഷണവും ഉണ്ടായിരുന്നില്ലെന്നും സി.ബി.ഐ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.















