പാലാ: സിവിൽ സർവീസ് ഉദ്യോഗസ്ഥർ സിവിക് കോൺഷ്യസ് (സാമൂഹിക പ്രതിബദ്ധത) ഉള്ളവരും തിരുത്തൽ ശക്തികളുമായിരിക്കണമെന്ന് പാലാ രൂപത മെത്രാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CSIP) സംഘടിപ്പിച്ച വിന്നേഴ്സ് & ഫ്രഷേഴ്സ് ഡേ ആഘോഷങ്ങളുടെ ഉദ്ഘാടനവും പുതിയ ചാപ്പലിന്റെ ആശീർവാദ കർമ്മവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എസ്.ഐ.പി ഹാളിൽ നടന്ന ചടങ്ങിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള പുരസ്കാര വിതരണവും അദ്ദേഹം നിർവ്വഹിച്ചു.
ഇന്ത്യ ജനാധിപത്യത്തിന്റെ പിള്ളത്തൊട്ടിലാണെന്നും ഒരു വലിയ ഒഴുക്കാണെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടന കൃത്യമായി വായിച്ചു പഠിക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും കടമയാണ്. മൂല്യങ്ങൾ സംരക്ഷിക്കുന്നവരും സത്യത്തിന്റെ ഭരണകർത്താക്കളുമായിരിക്കണം നിങ്ങൾ. തെറ്റുകൾ ചെയ്യുന്നവരെ തിരുത്താനും അതിനായി അച്ചടക്കം പാലിക്കാനും ഉദ്യോഗസ്ഥർക്ക് കഴിയണം. പരസ്പരം അകന്നുപോകുന്ന ‘ബാബേൽ സിൻഡ്രം’ ഇന്ന് സമൂഹത്തിലുണ്ട്. എന്നാൽ ഇതിനെ മറികടന്ന് സമൂഹത്തിൽ സമാധാനം സ്ഥാപിക്കേണ്ടവരാണ് ഉദ്യോഗസ്ഥരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഭരണസംവിധാനത്തിന്റെ ശിരസ്സാണ്. അതുകൊണ്ടുതന്നെ നിങ്ങൾ തുരുമ്പെടുക്കാത്ത ‘സ്റ്റീൽ’ (steeled) വ്യക്തിത്വങ്ങളായി മാറണം. നിരന്തരമായ വായനയിലൂടെ മാത്രമേ ഉദ്യോഗസ്ഥർക്ക് വളരാൻ സാധിക്കൂ. പത്രങ്ങൾ സംസാരിക്കുന്നത് രാജ്യത്തെക്കുറിച്ചായതുകൊണ്ട് വായനയെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. വി. വി. ജോർജുകുട്ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്തനാത്ത് അധ്യക്ഷത വഹിച്ചു. കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മുൻ ഡി.ജി.പി ശ്രീ ജേക്കബ് പുന്നൂസ് ഐ.പി.എസ് ആശംസ പ്രസംഗവും നടത്തി.
ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 57-ാം റാങ്ക് നേടിയ കുമാരി ശ്രീജ ജെ.എസ്-ന് പ്രശസ്തമായ ‘ശ്രീ കെ. ജെ. മാത്യു മെമ്മോറിയൽ ഗോൾഡ് മെഡൽ’ ചടങ്ങിൽ വെച്ച് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു. മറ്റ് വിജയികൾക്കുള്ള ഉപഹാര സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. ചീഫ് അക്കാദമിക് കോർഡിനേറ്റർ ശ്രീ ജുബിൻ ജെയിംസ് വിജയികളെ ചടങ്ങിൽ പരിചയപ്പെടുത്തി.
തുടർന്ന് നടന്ന അനുഭവങ്ങൾ പങ്കുവെക്കൽ സെഷനിൽ റാങ്ക് ജേതാക്കളായ ശ്രീജ ജെ.എസ്, സ്മിത സാബു എന്നിവരും മറ്റ് വിജയികളും പുതിയ ബാച്ചിലെ വിദ്യാർത്ഥികളുമായി തങ്ങളുടെ വിജയവഴികൾ സംസാരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പലും ഡീൻ അക്കാദമിക്കുമായ റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയിൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെയാണ് പരിപാടികൾ അവസാനിച്ചത്.















