പാലാ: ചെറുകിട, നാമമാത്ര സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ വിപണന സാധ്യത മുൻ മുറുത്തി പരസ്പര സഹകരണത്തിലൂന്നിയ കൂട്ടായ്മ രൂപീകരിച്ച് ശക്തിപ്പെടുത്താൻ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നേതൃത്വം കൊടുക്കുമെന്ന് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ അഭിപ്രായപ്പെട്ടു. കർഷകരെ അവരുടെ ഉൽപ്പന്നങ്ങൾക്ക് വില നിശ്ചയിക്കുവാൻ കഴിയുന്നവരാക്കാനും കാർഷിക വിളകൾ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ
വളർത്തിക്കൊണ്ടുവരാനും സംരംഭകരുടെ കൂട്ടായ്മയിലൂടെ വിപണന സാധ്യതകൾ വിപുലപ്പെടുത്താനും സാധിക്കുമെന്നും അച്ചൻ തുടർന്നു പറഞ്ഞു. പാലാ രൂപതയ്ക്കുള്ളിലെ വിവിധ സംരംഭങ്ങൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ഫാ. വാട്ടപ്പിള്ളിൽ . ഹരിതം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ അന്തീനാടുള്ള നിർദിഷ്ട തേൻ സംസ്കരണ കേന്ദ്രം, വിസിബിന്റെ കൊടുമ്പിടി, കാവുംങ്കണ്ടം യൂണിറ്റുകൾ, നീലൂർ ബാങ്ക് കമ്പനി, പ്രൊഡക്ഷൻ ആന്റ് പ്രോസസിങ്ങ് യൂണിറ്റ്, തുടങ്ങനാട് അപ്പൂസ് ഫുഡ്സ് , വെള്ളിയാമറ്റം കർഷകമിത്രം ഡ്രയർ യൂണിറ്റ് എന്നിവ
സന്ദർശിച്ചു. പി.എസ്.ഡബ്ളിയു.എസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.ഫ്രാൻസീസ് ഇടത്തിനാൽ, പബ്ളിക് റിലേഷൻസ് ഓഫിസർ ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടം എന്നിവർ അടങ്ങിയ ടീമാണ് സന്ദർശനം നടത്തിയത്. നീലൂർ ബാങ്ക് പ്രസിഡന്റ് മാത്തച്ചൻ ഉറുമ്പുകാട്ട്, വിസിബ് സെക്രട്ടറി കെ.സി.തങ്കച്ചൻ , പാലാ ഹരിതം എഫ്.പി.ഒ ചെയർമാൻ തോമസ് മാത്യു മണ്ടപത്തിൽ, വെള്ളിയാമറ്റം അഗ്‌രോ പ്രോസസിങ്ങ് ഡ്രയർ യൂണിറ്റ് മാനേജർ തോമസ് കുന്നത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ സംരംഭക സഹകരണം സംബന്ധിച്ച് ചർച്ചകൾ നടത്തി.















