ചിക്കാഗോ: ആഗോള കത്തോലിക്കാ സഭയുടെയും സീറോ മലബാർ വിശ്വാസികളുടെയും ആത്മീയാഘോഷമായി മാറിയ ചിക്കാഗോ ജൂബിലി കൺവെൻഷൻ ഭക്തിസാന്ദ്രമായ തിരുക്കർമ്മങ്ങളോടെ സമാപിച്ചു. കൺവെൻഷന്റെ ഭാഗമായി നടന്ന സഭാത്മക ചടങ്ങുകളിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും, ജൂബിലി ആഘോഷിക്കുന്ന ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ മുൻ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തും മുഖ്യകാർമ്മികത്വം വഹിച്ചു.
അമേരിക്കയിലെയും വിവിധ ആഗോള രൂപതകളിലെയും നൂറുകണക്കിന് മെത്രാന്മാരും വൈദികരും സന്യാസിശ്രേഷ്ഠരും ചടങ്ങുകളിൽ സഹകാർമ്മികരായി (Concelebrants) അണിനിരന്നു. പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, രൂപതയിലെ നിരവധി വൈദീകരും പങ്കെടുത്തു. സഭയുടെ ആത്മീയ ചൈതന്യവും ഐക്യവും വിളിച്ചോതുന്നതായിരുന്നു വിശുദ്ധ കുർബാനയും അനുബന്ധ പ്രാർത്ഥനകളും.
മാർ ജേക്കബ് അങ്ങാടിയത്തിന്റെ ദീർഘകാലത്തെ സഭാ ശുശ്രൂഷകളെയും രൂപതയ്ക്ക് നൽകിയ സംഭാവനകളെയും ചടങ്ങിൽ മേജർ ആർച്ച്ബിഷപ്പ് പ്രത്യേകം അനുസ്മരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. കൺവെൻഷനിൽ പങ്കെടുത്ത വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും വിശ്വാസികളും ജൂബിലിയേറിയന് സ്നേഹാദരങ്ങൾ അർപ്പിച്ചു. സഭയുടെ വളർച്ചയിലും പ്രവാസി സമൂഹത്തിന്റെ ആത്മീയ ഉന്നമനത്തിലും ചിക്കാഗോ കൺവെൻഷൻ വലിയൊരു നാഴികക്കല്ലാണെന്ന് ചടങ്ങിൽ സംസാരിച്ച പ്രമുഖർ വ്യക്തമാക്കി.















