സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് കൂത്താട്ടുകുളത്ത് നിർവഹിച്ചു
കൂത്താട്ടുകുളം: ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ആശ്വാസമായി ഫെയർ മീറ്റർ വെരിഫിക്കേഷൻ ഇനി പ്രാദേശിക തലങ്ങളിൽ ലഭ്യമാകും. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 100 ദിവസം കൊണ്ട് 100 പഞ്ചായത്ത്-നഗരസഭാ തലങ്ങളിൽ വെരിഫിക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കൂത്താട്ടുകുളം മുൻസിപ്പൽ ടൗൺഹാളിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് ആസ്ഥാനത്തുനിന്ന് 15 കിലോമീറ്ററോ അതിലധികമോ ദൂരമുള്ള തദ്ദേശസ്ഥാപനങ്ങളിലാണ് ലീഗൽ മെട്രോളജി വകുപ്പ് ഈ മാസം മുതൽ ക്യാമ്പുകൾ ആരംഭിക്കുന്നത്. വെരിഫിക്കേഷനായി ദൂരയാത്ര ചെയ്യുന്നതുവഴിയുള്ള സമയനഷ്ടവും ഒരു ദിവസത്തെ തൊഴിൽ നഷ്ടവും ഒഴിവാക്കാൻ ഇതിലൂടെ തൊഴിലാളികൾക്ക് സാധിക്കും. ക്യാമ്പുകൾ നടത്തുന്ന വിവരങ്ങൾ വെബ്സൈറ്റിലൂടെ കൃത്യമായി അറിയാനാകും. നൂറു ദിവസത്തിൽ മാത്രം ഒതുക്കാതെ പദ്ധതി തുടർന്നും കൊണ്ടുപോകാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പിറവം മണ്ഡലത്തിലെ തിരുമാറാടി, പാമ്പാക്കുട പഞ്ചായത്തുകളിലും ഉടൻ ക്യാമ്പ് സംഘടിപ്പിക്കും.
നൂറുദിന കർമ്മപരിപാടിയിൽ മറ്റ് പദ്ധതികളും സജീവം
നൂറുദിന പദ്ധതിയുടെ ഭാഗമായി മറ്റ് വകുപ്പുകളിലും വിപുലമായ ആശയങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള പ്രിയദർശിനി സൗജന്യബസ് യാത്രാ പദ്ധതി ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഭക്ഷ്യവകുപ്പ് മുഖേന അർഹരായ കുടുംബങ്ങൾക്ക് 100 ദിവസം കൊണ്ട് 50,000 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യും. കൂടാതെ ഉപഭോക്തൃവകുപ്പിന് കീഴിൽ ആയിരം സ്കൂളുകളിൽ കൺസ്യൂമർ ക്ലബുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യദിവസത്തെ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.
ചടങ്ങിൽ കൂത്താട്ടുകുളം നഗരസഭാ ചെയർമാൻ റെജി ജോൺ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, മധ്യമേഖലാ ജോയിന്റ് കൺട്രോളർ കെ. ഷീലൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ്, പിറവം നഗരസഭാധ്യക്ഷൻ കെ.ആർ. പ്രദീപ്കുമാർ, കേരള പഞ്ചായത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ആർ. ജയകുമാർ, കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർമാൻ ലിസി ജോസ്, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി ഷിബു,തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കെ. വർഗീസ്, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു തുടങ്ങി വിവിധ രാഷ്ട്രീയ-ട്രേഡ് യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു.















