ആകാശത്ത് വിസ്മയങ്ങളുടെ പൂത്തിരി കത്തിച്ചുകൊണ്ട്, യുകെയിലെ ഈ വര്‍ഷത്തെ ആദ്യത്തെ വമ്പന്‍ എയര്‍ഷോയായ ‘ഇംഗ്ലീഷ് റിവിയേര എയര്ഷോ 2026’ന് പെയ്ന്റണ് ബീച്ചില്‍ ആവേശകരമായ തുടക്കം. കാണികളെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാന്‍ പോകുന്ന ആകാശക്കാഴ്ചകളാണ്
കാത്തിരിക്കുന്നത്. ബീച്ചിലെ നീലക്കടലിന് മുകളിലായി, കാതടപ്പിക്കുന്ന ശബ്ദത്തോടെ യുദ്ധവിമാനങ്ങള്‍ പറന്നുയരുമ്പോള്‍ പെയ്ന്റണ് ബീച്ചാകെ ആവേശക്കടലാവുകയാണ്. യുകെയിലെ ഏറ്റവും ജനപ്രിയമായ ഈ വ്യോമാഭ്യാസ പ്രകടനം കാണാന്‍ ഇത്തവണ പതിനായിരക്കണക്കിന്
ആളുകളാണ് ഒഴുകിയെത്തുന്നത്. 2016ല്‍ വളരെ ചെറിയ രീതിയില്‍ ആരംഭിച്ച ഈ എയര്‍ഷോയ്ക്ക് ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. എയര്‍ ഷോയുടെ പത്താം വാര്‍ഷികമാണിത്. പത്തിന്റെ നിറവില്‍ എത്തിനില്‍ക്കുന്ന ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം പ്രായഭേദമന്യേ വന്‍ ജനക്കൂട്ടമാണ് തീരത്ത് തടിച്ചുകൂടയത്.















