പാലാ: വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുന്നാളിന്റെയും ലോക ജോസഫ് നാമധാരി ദിനത്തിന്റെയും ആഹ്ലാദത്തിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് ആശംസകളുമായി ജോസ് കെ. മാണി എം.പി. പാലാ ബിഷപ്പ് ഹൗസിൽ എത്തിയ അദ്ദേഹം, തന്റെ സ്നാനനാമം കൂടി പങ്കിടുന്ന പിതാവിനെ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ വളർച്ചയ്ക്ക് മാർ ജോസഫ് കല്ലറങ്ങാട്ട് നൽകുന്ന അചഞ്ചലമായ നേതൃത്വത്തെ കൂടിക്കാഴ്ചയിൽ ജോസ് കെ. മാണി പ്രകീർത്തിച്ചു.
വിവിധ പ്രാദേശിക-സാമൂഹിക വിഷയങ്ങൾ ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ ചർച്ചയായി. സന്ദർശന വേളയിൽ ബിഷപ്പ് ഹൗസിൽ സന്നിഹിതരായിരുന്ന മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിദ്യാർത്ഥിനികൾക്കും എം.പി. തിരുന്നാൾ ആശംസകൾ നേർന്നു. സന്ദർശകരെയും ജോസ് കെ. മാണിയെയും മധുരപലഹാരങ്ങൾ നൽകിയാണ് വിദ്യാർത്ഥിനികൾ സ്വീകരിച്ചത്. സ്നേഹവും സൗഹൃദവും പങ്കിട്ട നിമിഷങ്ങൾക്കൊടുവിലാണ് കൂടിക്കാഴ്ച സമാപിച്ചത്.















