കടുത്തുരുത്തി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് മുന്നണികള്‍ കടന്നെങ്കിലും കടുത്തുരുത്തി മണ്ഡലത്തിലെ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥി നിര്‍ണയം ഇപ്പോഴും തീരുമാനമാകാതെ നീളുന്നു. കേരള കോണ്‍ഗ്രസുകള്‍ നേരിട്ട് എറ്റുമുട്ടുന്ന മണ്ഡലമാണ് കടുത്തുരുത്തി. രണ്ട് മുന്നണികളിലും ഘടകകക്ഷികളായ കേരള കോണ്‍ഗ്രസുകളാണ് കാലങ്ങളായി ഇവിടെ മത്സരിക്കുന്നത്. ഇടതായാലും വലതായാലും കേരള കോണ്‍ഗ്രസുകളുടെ പ്രതിനിധിയാണ്
1991 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി നിലവിലെ എംഎല്‍എ മോന്‍സ് ജോസഫ് തന്നെയാണ് വീണ്ടും ജനവിധി തേടുന്നത്. അദേഹം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി. യുഡിഎഫ് പ്രവര്‍ത്തകര്‍ അടുത്ത ദിവസംതന്നെ ബുക്ക് ചെയ്ത മതിലുകളില്‍ ചുമവരെഴുത്തുകളും തുടങ്ങാനിരിക്കുകയാണ്. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് (എം) മാണി വിഭാഗത്തിനാണ് സീറ്റ്. എട്ട് പേരാണ് സീറ്റിലേക്ക് പരിഗണനയിലുള്ളത്. അതുകൊണ്ടുതന്നെ ഇതിലൊരാളെ തന്നെ മത്സരിപ്പിക്കണമോ മണ്ഡലത്തിന് വെളിയില്‍ നിന്നുള്ള ആര്‍ക്കെങ്കിലും സീറ്റ് നല്‍കണമോയെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനാമായിട്ടില്ല.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ഇതുസംബന്ധിച്ച് നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി സ്റ്റീഫന്‍ ജോര്‍ജിനെ കഴിഞ്ഞതവണ 4256 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോന്‍സ് ജോസഫ് പരാജയപ്പെടുത്തിയത്. കേരള കോണ്‍ഗസ് നേതാക്കളായ സ്റ്റീഫന്‍ ജോര്‍ജ്, ജോസ് പുത്തന്‍കാല, സഖറിയാസ് കുതിരവേലി, നിര്‍മല ജിമ്മി, സിന്ധുമോള്‍ ജേക്കബ്, യൂത്ത് ഫ്രണ്ട് (എം) നേതാക്കളായ ബ്രൈറ്ര് വട്ടനിരപ്പേല്‍, സിറിയക് ചാഴികാടന്‍, ആല്‍വിന്‍ അരയത്തേല്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. പരിഗണനയിലുള്ളവരുടെ വിജയസാധ്യത സംബന്ധിച്ചു കേരള കോണ്‍ഗ്രസ്(എം) നേതൃത്വം ചുമതലപ്പെടുത്തിയ ടീം മണ്ഡലത്തില്‍ സര്‍വേയും നടത്തുന്നുണ്ട്. ഈ ലിസ്റ്റില്‍ ഉള്ളവരില്‍നിന്ന് ആര്‍ക്കാണ് സ്ഥാനാര്‍ഥിയാകാനുള്ള നറുക്ക് വീഴുകയെന്നുള്ള കാത്തിരിപ്പിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരുള്ളത്. രണ്ട് ദിവസത്തിനകം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിവരം. എന്‍ഡിഎ മുന്നണിയില്‍ നിന്ന് സാധ്യതാപട്ടികയില്‍ മൂന്ന് പേരുടെ പേരുകളാണുള്ളത്. ബിജെപി സംസ്ഥാന വക്താവ് റെജി ലൂക്കോസ്, കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍, കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് അശ്വന്ത് മാമലശേരീല്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. വൈക്കം സീറ്റ് അടുത്തിടെ ബിജെപിയിലേക്കെത്തിയ മുന്‍ എംഎല്‍എ കെ.അജിത്തിന് നല്‍കേണ്ടിവന്നാല്‍ പകരം കടുത്തുരുത്തി ബിഡിജെഎസിന് നല്‍കേണ്ടിവരുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തത് ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം വൈകാനിടയാക്കുന്നത്.















