വെനസ്വല ഭൂചലനത്തിൽ മരണം 589 ആയി. 2980 പേർക്ക് പരുക്കേറ്റു. ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഇന്നലെയുണ്ടായ ഇരട്ട ഭൂകമ്പത്തിൽ മരണനിരക്ക് ഉയരുകയാണ്. തുറമുഖ നഗരമായ ലാഗ്വയ്റയിലും തലസ്ഥാനമായ കരാക്കസിലുമാണ് ഏറ്റവും വലിയ നാശനഷ്ടങ്ങളും മരണങ്ങളും
റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പല സ്ഥലങ്ങളിലും ഇനിയും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുപോലുമില്ല. തകർന്ന കെട്ടിടാവശിഷ്ടങ്ങൾ മാറ്റാനുള്ള യന്ത്രസാമഗ്രികളുടെ അഭാവമാണ് ഏറ്റവും വലിയ വെല്ലുവിളി. ലാഗ്വയ്റയിൽ 250 ലേറെ കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ നിലംപൊത്തിയത്.
പത്തുനിലയുള്ള ഹോട്ടലടക്കം തകർന്നടിഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വെനസ്വേല പരാജയമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ അതിവേഗം മോചിപ്പിക്കാനുള്ള വിലപ്പെട്ട സമയമാണ് കാര്യനിർവഹണക്കുറവു മൂലം നഷ്ടമാകുന്നതെന്നാണ് റിപ്പോർട്ടുകൾ.















