തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടിവികെ) സഖ്യകക്ഷിയായ കോൺഗ്രസും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തേക്ക്. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള ടിവികെ നീക്കത്തിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തി.
2029-ൽ രാഹുൽ ഗാന്ധിയെ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കണമെന്ന് തമിഴ്‌നാട് ടൂറിസം മന്ത്രിയും കോൺഗ്രസ് നേതാവുമായ എസ്. രാജേഷ് കുമാർ ആവശ്യപ്പെട്ടു. ടിവികെ ഇതിന് തയ്യാറായില്ലെങ്കിൽ തമിഴ്‌നാട് മന്ത്രിസഭയിലുള്ള രണ്ട് കോൺഗ്രസ് മന്ത്രിമാരും സ്ഥാനം രാജിവെച്ച് പുറത്തുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കന്യാകുമാരിയിൽ വെസ്റ്റ് ഡിസ്ട്രിക്റ്റ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ശക്തമായ മറുപടിയുമായി ടിവികെ രംഗത്തെത്തി. കഴിഞ്ഞ 60 വർഷത്തിനിടെ ആദ്യമായി കോൺഗ്രസിന് തമിഴ്‌നാട് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചത് വിജയ് കാരണം മാത്രമാണെന്നാണ് ടിവികെ അനുഭാവികളുടെയും സൈബർ ഹാൻഡിലുകളുടെയും വാദം.

















