നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലുണ്ടായ പരാജയത്തിന് പിന്നാലെ യുഡിഎഫിൽ വീണ്ടും കലാപക്കൊടിയുയർത്തി പി.വി. അൻവർ. മണ്ഡലത്തിലെ വോട്ട് ചോർച്ചയുടെ വിവരങ്ങൾ പരസ്യമാക്കിയാണ് അൻവറിന്റെ നീക്കം. കോഴിക്കോട് കോർപ്പറേഷനിലെ ബേപ്പൂർ മേഖലയിലുള്ള 48 മുതൽ 54 വരെയുള്ള ഏഴ് ഡിവിഷനുകളിലെ കണക്കുകളാണ് അദ്ദേഹം വിശദീകരിച്ചത്.
തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കുകൂട്ടിയതിനേക്കാൾ 681 വോട്ട് കുറവാണ് തനിക്ക് ഈ മേഖലയിൽ ലഭിച്ചതെന്ന് അൻവർ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ എൽഡിഎഫിന് ഇവിടെ വോട്ട് കൂടിയെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിൽ 8000-ത്തോളം വോട്ടിന്റെ കുറവുവരുത്താൻ തനിക്ക് സാധിച്ചു. ഇടതുപക്ഷത്തുനിന്ന് വലിയ തോതിൽ വോട്ടുകൾ ലഭിച്ചതുകൊണ്ടാണ് യുഡിഎഫിലുണ്ടായ വോട്ട് ചോർച്ച പുറത്തറിയാത്തതെന്നും അദ്ദേഹം ആരോപിച്ചു.
ഏഴായിരത്തിലധികം വോട്ടുകൾക്ക് മാത്രമാണ് തോറ്റതെന്നിരിക്കെ, യുഡിഎഫ് കേന്ദ്രങ്ങളിലെ വോട്ട് ചോർച്ച നിസ്സാരമായി കാണാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബേപ്പൂർ മേഖലയിലെ വോട്ട് ചോർച്ച പുറത്തുവിട്ടതിന് പിന്നാലെ ചെറുവണ്ണൂർ, നല്ലളം മേഖലകളിലെ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അൻവർ പ്രഖ്യാപിച്ചു.

















