പാലാ: പാലാ രൂപത വിശ്വാസോത്സവത്തിന് ഉജ്ജ്വല തുടക്കം. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ രൂപത വിശ്വാസ പരിശീലന ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ വിശ്വാസോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കുട്ടികളിലും യുവജനങ്ങളിലും വിശ്വാസചൈതന്യവും മൂല്യാധിഷ്ഠിത ജീവിതവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപത തലത്തിൽ ഇത്തരമൊരു സംഗമം സംഘടിപ്പിക്കുന്നത്. ചടങ്ങിൽ കത്തീഡ്രൽ വികാരി വെരി. റവ. ഫാ. ജോസഫ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ. ഐസക് പെരിങ്ങാമലയിൽ, ഹെഡ്മാസ്റ്റർ ശ്രീ. ഷാജി ആവിമൂട്ടിൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും വിശ്വാസികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ വിശ്വാസ പ്രഘോഷണത്തിന് കരുത്തേകുന്ന വിവിധ പരിപാടികൾ വിശ്വാസോത്സവത്തിന്റെ ഭാഗമായി നടക്കും.















