2026 ഏപ്രിൽ 23 വ്യാഴം 1199 മേടം 10
വാർത്തകൾ
👉📰 മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർണായക തീരുമാനങ്ങളുമായി പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ . തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടുണ്ടാകില്ല. ഇക്കാര്യത്തിൽ തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങൾ ധാരണയായി. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഇരു ദേവസ്വങ്ങളും ഇന്ന് യോഗം ചേർന്നത്. വെടിക്കെട്ടില്ലാതെ പൂരം നടത്തണമെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. പ്രൗഢി കുറയ്ക്കാതെ പൂരാഘോഷം നടത്തണമെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം. നാളെ തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതല യോഗത്തിൽ ഇരു ദേവസ്വങ്ങളും തീരുമാനം അറിയിക്കും.
👉📰 ദൂരദർശനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ച് കോൺഗ്രസ്. മുൻ എം പി ടി എൻ പ്രതാപനാണ് ഹർജി സമർപ്പിച്ചത്. പ്രധാനമന്ത്രിക്ക് എതിരെ നടപടി എടുക്കുന്നതിൽ തിരഞ്ഞെടുപ്പ് പരാജയപ്പെട്ടു, പ്രധാനമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യം.
👉📰 തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തിൽ പരുക്കേറ്റവരെ മെഡിക്കൽ കോളജിലെത്തി സന്ദർശിച്ച് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി. അപകടത്തിന്റെ കാരണം എന്താണെന്ന് ആദ്യം കണ്ടെത്തേണ്ടതുണ്ട്. സുരക്ഷയുടെ കാര്യത്തിൽ വിട്ട് വീഴ്ച പാടില്ല. വെടിക്കെട്ടുകൾ കരുതലോടെ നടത്താൻ വേണ്ട നടപടികൾ വേണമെന്ന് എല്ലാകാലത്തും ആവശ്യപെട്ടിട്ടുള്ളതാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണ് നടന്നിട്ടുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
👉📰 തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു. വെന്റിലേറ്ററിൽ രണ്ട് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ദുരന്തത്തിൽ മരിച്ച എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. നാലുപേരുടെ സംസ്കാരം പൂർത്തിയായി.
👉📰 വയനാട് മീനങ്ങാടിയിൽ വീണ്ടും കടുവ സാന്നിധ്യം. അരിമുള റോഡിലാണ് കടുവയുടെ കാൽപ്പാടുകൾ പലയിടങ്ങളിലായി കണ്ടെത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രദേശവാസി കടുവയെ നേരിട്ട് കണ്ടിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പലയിടത്തും കാൽപ്പാടുകളും കണ്ടെത്തിയിരുന്നു. അതിന്ശേഷമാണ് വീണ്ടു ആശങ്ക നിലനിൽക്കുന്നത്. വനംവകുപ്പ് സ്ഥലത്തെത്തി, ജീപ്പുകളിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. രാത്രി ഒൻപത് മണിയോടെയാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്.
👉📰 തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തിൽ ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപയും പരുക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയുമാണ് ധനസഹായം അനുവദിച്ചത്. സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചും ഉത്തരവിറക്കി. സ്ഫോടനത്തിൽ പ്രദേശത്തുണ്ടായ നാശനഷ്ടം ഉൾപ്പെടുത്തി സമഗ്ര പാക്കേജ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
👉📰 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശത്തിൽ എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി. മറുപടി തൃപ്തികരമല്ലെങ്കിൽ കമ്മീഷൻ ശക്തമായ നടപടികളിലേക്ക് കടന്നേക്കും. കേന്ദ്ര മന്ത്രിമാർ ഉൾപ്പെട്ട ബിജെപി പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകി. ഖർഗെ മാപ്പ് പറയണമെന്നും അദ്ദേഹത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിലക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
👉📰 തൃശൂർ കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിലെ കിടപ്പുമുറിയിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. പാമ്പിനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് തല്ലിക്കൊന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം പ്രദേശത്തെത്തി പാമ്പുകളെ തുരത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. വീടിനുള്ളിൽ ഇനിയും കൂടുതൽ പരിശോധന നടത്തേണ്ട സാഹചര്യമാണുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രദേശത്തെത്തി പരിശോധനകൾ ആരംഭിക്കും.
👉📰 നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോസ്റ്റൽ ബാലറ്റുകൾ ലഭ്യമായില്ലെന്ന ഹർജിയിൽ മറുപടി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് ഹർജികളാണ് ഹൈക്കോടതിയ്ക്ക് മുന്നിൽ എത്തിയത്. ഹർജിക്കാരിൽ രണ്ടുപേർ കൃത്യമായി ഫോമുകൾ നൽകിയില്ല. ഒരാൾ പോസ്റ്റൽ ബാലറ്റ് കൈപ്പറ്റാൻ എത്തിയില്ല. ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. സ്ട്രോങ്ങ് റൂമുകൾ സീൽ ചെയ്തതിനാൽ ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. സർക്കാർ ജീവനക്കാരായ മുഹമ്മദ് സിനാൻ, എം ജി അനിൽകുമാർ എന്നിവരാണ് അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
















