മേജര്‍ ലീഗ് സോക്കറില്‍ ഫിലാഡെല്‍ഫിയ യൂണിയന്-ഇന്റര്‍ മിയാമി മത്സരത്തില്‍ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിയെ 72-ാം മിനിറ്റില്‍ പിന്‍വലിച്ചതിനെ ചൊല്ലി അര്‍ജന്റീന ആരാധകര്‍ക്കിടയില്‍ ആശങ്ക. പരിക്കേറ്റാണോ താരം പിന്മാറിയതെന്ന ആശങ്കകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഫൈനല്‍ വിസിലൂതാന്‍
ഏതാനും മിനിറ്റുകള്‍ ബാക്കി നില്‍ക്കെ മെസി തന്നെ പകരക്കാരനെ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് മെസിയെ പരിക്കുകള്‍ അലട്ടുന്നുണ്ടോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഫിഫ ലോകകപ്പില്‍ സൂപ്പര്‍ താരം കളിച്ചേക്കില്ലെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ്
അസാധാരണമായി മെസിയുടെ ആവശ്യപ്രകാരം തന്നെ ഗ്രൗണ്ടില്‍ നിന്ന് കയറുന്നത്. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അര്‍ജന്റീനയുടെ ലോകകപ്പ് ടീം ക്യാമ്പ് ചെയ്യുമെന്നാണ് വിവരങ്ങള്‍. സ്റ്റാര്‍ സ്ട്രൈക്കറുടെ ഫിറ്റ്നസ് ആശങ്ക ടീമിന്റെ ലോകകപ്പ് കിരീടമോഹത്തിന് കരിനിഴല്‍ വീഴ്ത്തുമോ എന്നതടക്കം ആരാധകര്‍ പങ്കുവെക്കുന്ന കുറിപ്പുകളിലുണ്ട്.















