പാലാ: പുണ്യശ്ലോകനായ ഫാ. എബ്രഹാം കൈപ്പൻപ്ലാക്കലിന്റെ പന്ത്രണ്ടാം ചരമവാർഷികം പാലാ ളാലം പഴയ പള്ളിയിൽ (സെന്റ് മേരീസ് ഫൊറോന പള്ളി) ഭക്തിപൂർവ്വം ആചരിച്ചു. തിങ്കളാഴ്ച രാവിലെ 8 മണിക്ക് നടന്ന ചടങ്ങുകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ആഘോഷമായ വിശുദ്ധ കുർബാനയെത്തുടർന്ന് നടന്ന അനുസ്മരണ പ്രഭാഷണത്തിൽ, കൈപ്പൻപ്ലാക്കൽ അച്ചൻ സമൂഹത്തിന് നൽകിയ ആത്മീയവും സാമൂഹികവുമായ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം അച്ചന്റെ കബറിടത്തിങ്കൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ധൂപപ്രാർത്ഥനയും നടന്നു. കൈപ്പൻപ്ലാക്കൽ അച്ചന്റെ മധ്യസ്ഥതയിൽ അനുഗ്രഹം തേടി ദൂരദേശങ്ങളിൽ നിന്നുപോലും നിരവധി വിശ്വാസികൾ ചടങ്ങുകളിൽ സംബന്ധിക്കാനായി എത്തിയിരുന്നു. സ്നേഹഗിരി സന്യാസഅധികാരികളും പള്ളി അധികാരികളും കൈപ്പൻപ്ലാക്കൽ കുടുംബാംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.















