പാലാ: സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസ് സ്ഥാപകനായിട്ട് 108 വർഷം പൂർത്തിയാകുന്നു. പാലാ രൂപതയുടെ നേതൃത്വത്തിലുള്ള സംഘടനയുടെ ജന്മദിനാഘോഷങ്ങൾ 2026 ഏപ്രിൽ 26 ഞായറാഴ്ച പൈകയിൽ വെച്ച് നടക്കും.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് പൈക ഇടമറ്റം ജംഗ്ഷനിൽ നിന്നും റാലി ആരംഭിക്കും. തുടർന്ന് പൈക സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
രൂപത പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ നിധിരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ജന്മദിന സന്ദേശം നൽകും. പൈക പള്ളി വികാരി ഫാ. മാത്യു വാഴക്കാപാറ അനുഗ്രഹ പ്രഭാഷണം നടത്തും. ജനറൽ കൺവീനർ ശ്രീ രാജേഷ് പാറയിൽ കൃതജ്ഞത അർപ്പിക്കും.
സമുദായ ശാക്തീകരണവും കർഷക പ്രക്ഷോഭങ്ങളും വിദ്യാഭ്യാസ അവകാശ സംരക്ഷണങ്ങളും ലക്ഷ്യമാക്കി നിധിരിക്കൽ മാണിക്കത്തനാരുടെ ആഹ്വാനപ്രകാരം 1918-ലാണ് സംഘടന രൂപീകൃതമായത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികം സമുദായത്തിന്റെയും കർഷകരുടെയും അവകാശങ്ങൾക്കായി സംഘടന നടത്തിയ പോരാട്ടങ്ങളുടെ സ്മരണ പുതുക്കൽ കൂടിയാകും ഈ ജന്മദിനാഘോഷം.
പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ഇമ്മാനുവൽ നിധീരി
(രൂപത പ്രസിഡൻ്റ്), ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ (ഡയറക്ടർ) , ജോസ് വട്ടുകുളം
(ജന. സെക്രട്ടറി) ജോണി കുന്നപ്പള്ളി (പൈക യൂണിറ്റ് പ്രസിഡന്റ്റ്) ജോയ് കെ മാത്യു. തുടങ്ങിയവർ പങ്കെടുത്തു.
















