പാലാ: സാമൂഹിക സേവനത്തിന്റെയും കരുണയുടെയും പ്രേഷിതനായ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ സ്മരണാർത്ഥം രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സ്ഥാപിച്ച ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’ ഉദ്ഘാടനം ചെയ്തു. കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ 20-ാം വാർഷിക ദിനമായ ഏപ്രിൽ 30 വ്യാഴാഴ്ച രാവിലെ 11:30ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ചെയറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
രാമപുരത്തിന്റെ ഖ്യാതി ലോകമെങ്ങും എത്തിച്ച കുഞ്ഞച്ചന്റെ ദർശനങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചെയർ രൂപീകരിച്ചിരിക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച കുഞ്ഞച്ചന്റെ പാത പിന്തുടർന്ന് സാമൂഹിക പഠനങ്ങൾ, ഫീൽഡ് സർവേകൾ, സെമിനാറുകൾ, ലക്ചർ സീരീസുകൾ എന്നിവ ചെയറിന് കീഴിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചെയർ ഡയറക്ടറായി നിയമിക്കപ്പെട്ട റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ , പാലാ രൂപത ഡിസിഎംസ് ഡയറക്ടർ തോമസ് കിഴക്കേകൊല്ലിത്താനം എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച മുന്നേറ്റം നടത്തിയ മാർ ആഗസ്തീനോസ് കോളേജ്, വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. മധ്യതിരുവിതാംകൂറിൽ നാക് ‘എ’ ഗ്രേഡ് നേടിയ ഏക സ്വാശ്രയ സ്ഥാപനമായ ഈ കോളേജ് നിലവിൽ നിരവധി അന്താരാഷ്ട്ര-ദേശീയ ഏജൻസികളുടെ പങ്കാളി കൂടിയാണ്.
വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് കൊച്ചുപറമ്പിൽ, ജോബിൻ പുതിയിടത്തുചാലിൽ, സ്റ്റാഫ് സെക്രട്ടറി സുനിൽ ജോസഫ് കണ്ടത്തിൻകര, അരുൺ കുളക്കാട്ടോലിക്കൽ, റെജീന സെബാസ്റ്റ്യൻ (ചെയർ സെക്രട്ടറി) എന്നിവർ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി.















