പാലാ: “നന്മ ചെയ്യാതിരിക്കാനായി നിന്റെ കരം കുറുകിയിട്ടില്ല” എന്ന ചെറുകര പള്ളി വികാരി ഫാദർ ജോർജ് പുതുപ്പറമ്പിലിന്റെ അനുഗ്രഹ വചനങ്ങളോടെ ആരംഭിച്ച ചടങ്ങിൽ, പീറ്റർ ഫൗണ്ടേഷൻ മുഖാന്തിരം ജനങ്ങൾക്ക് ചെയ്യുന്ന നന്മകളുടെ നിര കേട്ടപ്പോൾ കേട്ടവർ ആശ്ചര്യഭരിതരായി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഈ കുടുംബം കാണിക്കുന്ന മാതൃകയെ ചടങ്ങിൽ പങ്കെടുത്തവർ മുക്തകണ്ഠം പ്രശംസിച്ചു.
ജനങ്ങൾക്ക് നന്മ ചെയ്യുന്ന ഈ കുടുംബം എല്ലാവർക്കും മാതൃകയാണെന്ന് ജോസ് കെ. മാണി എം.പി. അഭിപ്രായപ്പെട്ടു. പാലാ മരിയൻ സെന്റർ, പാലാ ജനറൽ ഹോസ്‌പിറ്റൽ, കോട്ടയം ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ്, മേരിഗിരി ആശുപത്രി എന്നിവിടങ്ങളിൽ ഡയാലിസിസ് മെഷീനറികൾ സംഭാവന ചെയ്ത കാര്യവും തോമസ് പീറ്റർ ചടങ്ങിൽ അനുസ്മരിച്ചു.
ചടങ്ങിന്റെ ഭാഗമായി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 10 കുടുംബങ്ങൾക്ക് ആധാരം വിതരണം ചെയ്തു. ജീവിതം തിരിച്ചു നൽകിയതിന്റെ സന്തോഷത്തിൽ പലരും തോമസ് പീറ്ററിൻ്റെ കാൽ തൊട്ട് വന്ദിക്കുന്നത് അവിടെയുണ്ടായിരുന്നവർക്ക് വികാരനിർഭരമായ കാഴ്ചയായി.
ചടങ്ങിൽ തോമസ് പീറ്റർ, ഫാദർ ജോർജ് പുതുപ്പറമ്പിൽ, ആന്റോ പടിഞ്ഞാറേക്കര, സാവിയോ കാവുകാട്ട്, ബൈജു കൊല്ലമ്പറമ്പിൽ, വി.സി. പ്രിൻസ്, ഷാജു തുരുത്തേൽ, മായാ പ്രദീപ്, സിജി പ്രസാദ്, ബിജി ജോജോ, ലീന സണ്ണി തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.












