മുത്തോലി: പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്ന സംഭവത്തിൽ ശക്തമായ നടപടിയുമായി മുത്തോലി പഞ്ചായത്ത് ഭരണസമിതി. ഇതിൻ്റെ ഭാഗമായി പഞ്ചായത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിൽ 16 നിരീക്ഷണ ക്യാമറകൾ (സി.സി.ടി.വി) സ്ഥാപിച്ചതായി മുത്തോലി പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത് ജി. മീനാഭവൻ അറിയിച്ചു. മീഡിയാ അക്കാദമിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കടപ്പാട്ടൂർ, പന്തത്തല, മുത്തോലി കടവ്, മുത്തോലി ടൗൺ തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറകളുടെ ഔപചാരികമായ ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്നും പ്രസിഡൻ്റ് പറഞ്ഞു.
മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനും പിഴ ഈടാക്കാനും ഈ നിരീക്ഷണ സംവിധാനം സഹായകമാകും. മാത്രമല്ല, ക്യാമറകൾ സ്ഥാപിച്ചതിലൂടെ പഞ്ചായത്തിലെ കുറ്റകൃത്യങ്ങൾ വരെ തെളിയിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്തിലാകെ ജനകീയ വികസനം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും രഞ്ജിത് ജി. മീനാഭവൻ മീഡിയാ അക്കാഡമിയിലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.












