2025 ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി മിഷ്ണറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷം നാളെ മുതല്‍ വത്തിക്കാനില്‍. സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെയും സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെയും സഹകരണത്തോടെ ഒക്ടോബർ 4, 5 തീയതികളിലായാണ് മിഷ്ണറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷങ്ങൾ നടത്തുന്നത്.
ഇന്ത്യയുൾപ്പെടെ നൂറോളം രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് തീർത്ഥാടകർ ചടങ്ങുകളിൽ പങ്കുചേരുമെന്നാണ് കണക്കുകൂട്ടുന്നത്. രണ്ട് വ്യത്യസ്ത സമൂഹങ്ങളെയാണ് പ്രതീക്ഷിക്കുന്നതെങ്കിലും, വത്തിക്കാനിൽ പാപ്പ അനുവദിക്കുന്ന പൊതുകൂടിക്കാഴ്ച, ഞായറാഴ്ച അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലി തുടങ്ങി വിവിധ ജൂബിലി ആഘോഷങ്ങൾ ഒരുമിച്ചായിരിക്കും നടക്കുകയെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി ഒക്ടോബർ ഒന്നാം തീയതി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സന്യസ്തരും അല്മായരും ഉൾപ്പെടുന്ന മിഷ്ണറിമാർക്കും, അജപാലനമേഖലയിൽ സേവനമനുഷ്ഠിക്കുന്ന ആളുകൾക്കും, മിഷ്ണറി മേഖലയുമായി ബന്ധപ്പെട്ട സംഘടനകൾക്കുമായാണ് മിഷ്ണറി ജൂബിലി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.












