2025 ഒക്‌ടോബർ 02 വ്യാഴം 1199 കന്നി 16
വാർത്തകൾ
🗞️👉 വെള്ളാപ്പള്ളി നടേശൻ പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ; മന്ത്രി വി.എൻ. വാസവൻ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി മന്ത്രി വി. എൻ. വാസവൻ. കുത്തഴിഞ്ഞ പുസ്തകത്തെ ചിട്ടയായി മാറ്റിയെടുത്തത് വെള്ളാപ്പള്ളി നടേശനാണ്. വെള്ളാപ്പള്ളി നടേശൻ പകരക്കാരൻ ഇല്ലാത്ത അമരക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി പ്രസ്ഥാനത്തോട് പ്രകടിപ്പിക്കുന്ന കൂറ് വലുതാണ്. വിശ്രമജീവിതത്തിലേക്ക് എല്ലാവരും പോകുന്ന കാലഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശൻ ധീരമായി ഉത്തരവാദിത്വം ഏറ്റെടുത്തത്. ശ്രീനാരായണ ഗുരു ദർശനങ്ങൾക്ക് വളരെ പ്രാധാന്യമുള്ള കാലഘട്ടമാണെന്നും വി. എൻ. വാസവൻ പറഞ്ഞു. ഇതിനിടെ തന്നെ കുറ്റം പറയാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും, മാറി നിന്ന് കുറ്റം പറയുന്നത് സംഘടനക്ക് നല്ലതല്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്നെ കള്ള് കച്ചവടക്കാരനെന്ന് പറഞ്ഞത് വരെ സഹിച്ചു. ട്രാക്ക് തെറ്റിയാണ് എസ്എൻഡിപി യോഗത്തിലേക്ക് വന്നത്. വി. എസ്. അച്യുതാനന്ദനുൾപ്പടെ തന്നെ പ്രേരണയായതാണ് പ്രസ്ഥാനത്തെ ചേർത്ത് പിടിക്കാൻ കാരണം.“താൻ പൊതുപ്രവർത്തനം തുടങ്ങുമ്പോൾ തന്റെ സമുദായം എവിടെ കിടക്കുന്നു എന്നെനിക്ക് അറിയാമെന്നും” വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
🗞️👉 വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. കാലിൽ മുറിവുമായി എത്തിയ രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയെന്ന് ആരോപണം. ബന്ധുക്കളുടേയോ രോഗിയുടേയോ അനുമതി തേടിയില്ലെന്നും ആരോപണമുണ്ട്. രണ്ട് ദിവസത്തിന് ശേഷമാണ് ബന്ധുക്കൾ വിവരമറിഞ്ഞത്. കുത്തിയതോട് സ്വദേശി സീനത്താണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഡിഎംഒയ്ക്കും മെഡിക്കൽ കോളജ് സൂപ്രണ്ടിനും പരാതി നൽകി. പരാതി അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
🗞️👉 മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; 260 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ
വയനാടിന് 260 കോടി രൂപയുടെ കേന്ദ്രസഹായം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത അധികാര സമിതിയാണ് തുക അനുവദിച്ചത്. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. കേരളം പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്‌മെന്റ് റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഗ്രാന്റ് കേരളത്തിന് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും കേന്ദ്രം പണം അനുവദിച്ചില്ലായിരുന്നു. പകരം പലിശ രഹിത വായ്പയാണ് അനുവദിച്ചത്. ഇത് മതിയാകില്ലെന്ന് കേന്ദ്രത്തെ കേരളം അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍ ഉള്‍പ്പടെ ഇതുമായി ബന്ധപ്പെട്ട കേസുകളുണ്ട്.
🗞️👉 വെള്ളാപ്പള്ളി നടേശനെപ്പോലുള്ള നേതൃത്വം കേരളത്തിലുള്ളതിൽ അഭിമാനം; ഗവർണർ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേക്കർ. 30 വർഷം തുടർച്ചയായി ഒരു സംഘടനയെ നയിക്കുക എന്നത് ചെറിയ കാര്യമല്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ ഇരിക്കുന്ന വേദിയിലായിരുന്നു പ്രതികരണം. എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഗവർണർ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയത്. 30 വർഷം തുടർച്ചയായി ഒരു സംഘടനയെ വെള്ളാപ്പള്ളി നടേശൻ നയിക്കുക എന്നത് ചെറിയ കാര്യമല്ല. എല്ലാവരും ഒന്നിച്ചു നിൽക്കുകയും പ്രയത്നിക്കുകയും ചെയ്താൽ വിജയം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശനെപ്പോലുള്ള നേതൃത്വം കേരളത്തിൽ ഉള്ളതിൽ അഭിമാനിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
🗞️👉 കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത മൂന്ന് ശതമാനമായി വര്‍ധിപ്പിച്ചു. കേന്ദ്രമന്ത്രിസഭ തീരുമാനം അംഗീകരിച്ചു. 2025 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആയിരിക്കും വര്‍ധനവ് നടപ്പിലാക്കുക. ഈ മാസത്തെ ശമ്പളത്തിനൊപ്പം കുടിശിക തുകയും ചേര്‍ത്ത് ആയിരിക്കും നല്‍കുക. ഏഴാം ശമ്പള കമ്മീഷന്റെ അവസാനത്തെ വര്‍ധനവ് കൂടിയാണിത്. 49 ലക്ഷം ജീവനക്കാര്‍ക്കും 68 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ പ്രയോജനം ലഭിക്കും.













