കാർഷിക സംരംഭങ്ങൾക്ക് നബാർഡ് സഹായം നൽകും: നാഗേഷ് കുമാർ അനുമാല. പാലാ: പ്രാദേശികമായി കർഷകരുടെ കൂട്ടായ്മയിൽ രൂപീകൃതമാകുന്ന കർഷക ഉൽപ്പാദക കമ്പനികളുടെ കാർഷിക സംരംഭ ങ്ങൾക്ക് സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുമെന്ന് നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ്കുമാർ അനുമാല അഭിപ്രായപ്പെട്ടു. കാർഷിക രംഗത്തെ മൂല്യ വർദ്ധിത സംരംഭങ്ങൾ കർഷകർക്ക് കൂടുതൽ തൊഴിലവസരങ്ങളും അധിക വരുമാനവും ഉറപ്പുവരുത്തുന്നതായും അദ്ദേഹം തുടർന്നു പറഞ്ഞു.
നബാർഡിൻ്റെ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രൂപീകൃതമായ പാലാ ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി അന്തീനാട് ഹണി ലാൻ്റിൽ ആരംഭിക്കുന്ന തേൻ സംസ്കരണ കേന്ദ്രത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മവും തുടർന്നു നടന്ന സമ്മേളനത്തിൻ്റെ അദ്ധ്യക്ഷതയും വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് നിർവ്വഹിച്ചു. നബാർഡ് ജില്ലാ മാനേജർ റെജി വർഗീസ് ഓഹരി ഉടമകൾക്കുള്ളഷെയർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്മിതാ ഗോപാലകൃഷ്ണൻ, ലിസമ്മ തോമസ്, പി.എസ്.ഡബ്ലിയു.എസ്. അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, പാലാ ഹരിതം കർഷക കമ്പനി ചെയർമാൻ തോമസ് മാത്യു , വൈസ് ചെയർമാൻ ജിമ്മി ജോസഫ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മനു മാനുവൽ എന്നിവർ പ്രസംഗിച്ചു. പി.എസ്.ഡബ്ലിയു.എസ് പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം, ഡയറക്ടർ ബോർഡംഗങ്ങളായ അനീഷ് തോമസ്, റോയി സെബാസ്റ്റ്യൻ, സോണി തോമസ്, ജോസ് ജോർജ്, സെലിൻ ജോഷി, സിൽവിയാ തങ്കച്ചൻ, എൽസി ജോൺ , പാലാ സാൻതോം എഫ്.പി.സി ചെയർമാൻ സിബി മാത്യു, പി.എസ്. ഡബ്ലിയു.എസ് പ്രോജക്ട് ഓഫീസർ ടോണി സണ്ണി, കോർഡിനേറ്റർമാരായ സൗമ്യ ജയിംസ്, ജിജി സിൻ്റോ , ശാന്തമ്മ ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. തേൻ സംസ്കരണ കേന്ദ്ര നിർമ്മാണത്തിന് സ്ഥലം അനുവദിച്ചു തന്ന ലില്ലിക്കുട്ടി ജോൺ കാഞ്ഞിരത്തുങ്കലിനെ ചടങ്ങിൽ ആദരിച്ചു. സംസ്കരണ കേന്ദ്രത്തിന് ആദ്യഘട്ടത്തിൽ എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.













