ഇരിങ്ങാലക്കുട രൂപതാംഗമായ ബഹുമാനപ്പെട്ട ബെന്നി ചെറുവത്തൂർ അച്ചൻ (57 വയസ്സ്) നിര്യാതനായി. 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ 09.00 ന് ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ബഹുമാനപ്പെട്ട ബെന്നി അച്ചൻ 1968 ഡിസംബർ 25 ന് ചെറുവത്തൂർ ഈനാശു – മേരി ദമ്പതികളുടെ മകനായി ചാലക്കുടിയിൽ ജനിച്ചു. സണ്ണി, ഫാ. പോൾ, ജോൺസൻ, ബീന എന്നിവർ സഹോദരങ്ങളാണ്.
ചാലക്കുടി ഗവണ്മെന്റ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, ഇരിഞ്ഞാലക്കുട സെന്റ് പോൾസ് മൈനർ സെമിനാരിയിലും ആലുവ മംഗലപ്പുഴ സെമിനാരിയിലും കോട്ടയം വടവാതൂർ സെമിനാരിയിലും വൈദിക പരിശീലനം നടത്തിയ ബഹുമാനപ്പെട്ട ബെന്നി അച്ചൻ 1994 ഡിസംബർ 28ന് അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ മെത്രാനിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ബെന്നി അച്ചൻ ഇരിഞ്ഞാലക്കുട കത്തീഡ്രൽ, തെക്കൻ താണിശ്ശേരി, ആളൂർ, പറപ്പൂക്കര ഫൊറോന എന്നിവിടങ്ങളിൽ അസ്തേന്തിയായും പാറേക്കാട്ടുകര, അരൂർമുഴി, പിള്ളപ്പാറ, മടത്തുംപടി, തിരുമുക്കുളം, പെരുമ്പടപ്പ്, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കൊടുങ്ങ, അമ്പനോളി, കൊന്നക്കുഴി, പുത്തൻചിറ ഈസ്റ്റ്, മാരാങ്കോട്, ചെമ്മണ്ട, വെള്ളികുളങ്ങര, പൂവത്തിങ്കൽ എന്നിവിടങ്ങളിൽ വികാരിയായും ഇരിഞ്ഞാലക്കുട രൂപത സാക്രിസ്റ്റൻ ഫെല്ലോഷിപ്പിന്റെ ഡയറക്ടറായും ആളൂർ നവചൈതന്യയുടെ അസിസ്റ്റന്റ് ഡയറക്ടറായും വിവിധ കോൺവെന്റുകളുടെ കപ്ലോനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബഹുമാനപ്പെട്ട ബെന്നി അച്ചന്റെ മൃതദേഹം ഇന്ന് സെപ്റ്റംബർ 22 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ചാലക്കുടി, സെൻറ് ജെയിംസ് ഹോസ്പ്പിറ്റലിനോടനുബന്ധിച്ചുള്ള സെൻറ് ജോസഫ് വൈദിക ഭവനത്തിലും, 4 മണിക്ക് വികാരിയായി ശുശ്രുഷ ചെയ്തുകൊണ്ടിരുന്ന പൂവത്തിങ്കൽ പള്ളിയിലും പൊതുദർശനത്തിന് വയ്ക്കുന്നതാണ്. തുടർന്ന് 5 മണിക്ക് വിശുദ്ധ കുർബാന. വൈകിട്ട് 7 മണിക്ക് നോർത്ത് ചാലക്കുടിയിലുള്ള ബഹുമാനപ്പെട്ട ബെന്നി അച്ചന്റെ തറവാട് ഭവനത്തിലും പൊതുദർശനത്തിന് വയ്ക്കുന്നതാണ്.
2025 സെപ്റ്റംബർ 23 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് മൃതസംസ്കാര കർമ്മത്തിൻ്റെ ആദ്യ ഭാഗം പ്രസ്തുത ഭവനത്തിൽ ആരംഭിക്കും.
പിന്നീട് ഉച്ചതിരിഞ്ഞ് 1.00 മുതൽ നോർത്ത് ചാലക്കുടി ഇടവക ദൈവാലയത്തിൽ അന്ത്യോപചാരം അർപ്പിക്കുന്നതിന് വയ്ക്കുന്നതാണ്. ഉച്ചതിരിഞ്ഞ് 02.30 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്കും മറ്റ് തിരുക്കർമ്മങ്ങൾക്കും ശേഷം നോർത്ത് ചാലക്കുടി ഇടവക പളളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.













