1130നോടടുത്ത് സിസിലിയിലെ രാജാവായ റോജർ ക്രണ്ടാമന്റെ കൊട്ടാരത്തില്‍ ഷാൾ മെയിനിലെ പിന്തുടർച്ചക്കാരായ സിനിബാൾഡിന്റെ മകളായി വിശുദ്ധ റൊസാലിയാ ജനിച്ചുയെന്നാണ് പാരമ്പര്യ വിശ്വാസം. അത്യാകർഷണമായ തന്റെ സൗന്ദര്യം ജീവന് തന്നെ അപകടം വരുത്തുമെന്ന സാഹചര്യത്തിൽ ഈ ലോകവാസം വെടിയുന്നതാണ് അഭികാമ്യമെന്ന് കന്യകമറിയം പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടു. അപ്പോൾ അവള്‍ക്ക് കേവലം 14 വയസ്സ് മാത്രമേ ഉണ്ടായിരിന്നുള്ളൂ.
തന്റെ കുരിശുരൂപവും കുറേ പുസ്തകങ്ങളും എടുത്തു കൊണ്ട്, രാത്രിയിൽ കൊട്ടാരത്തിൽ നിന്നും ഒളിച്ചോടി. രണ്ട് മാലാഖമാർ- ഒന്ന് ആയുധധാരിയായ ഒരു യോദ്ധാവിന്റെ വേഷത്തിലും, മറ്റൊന്ന് ഒരു തീർത്ഥാടകന്റെ കപട വേഷത്തിലും അകമ്പടി സേവിച്ച് പെൺകുട്ടിയെ ക്വിസ്ക്വിറ്റാ മലമുകളിലെത്തിച്ചു. അവിടെ മഞ്ഞു മൂടിക്കിടന്ന ഒരു ഗുഹാ കവാടത്തിൽ ഉപേക്ഷിച്ച് അവർ അപ്രത്യക്ഷരായി.
അവിടെ അവൾ കുറേ അധികം മാസങ്ങൾ ഒളിവിൽ കഴിച്ചു കൂട്ടി. ഒരു ദിവസം മാലാഖമാർ വീണ്ടും പ്രത്യക്ഷപ്പെട്ടു. അവളുടെ മാതാപിതാക്കൾ അന്വേഷണം ഊർജ്ജിതപ്പെടുത്തിയെന്നും, അതിനാൽ വേറെ എങ്ങോട്ടെങ്കിലും ഒളിത്താവളം മാറ്റുന്നതാണ് നല്ലതെന്നും ഉപദേശിച്ചു. അവർ അവളെ പെല്ലിഗ്രിനോ മലയിൽ കൊണ്ടു പോയി താമസിപ്പിച്ചു.
അവിടെ അവർ പ്രായശ്ചിത്ത കർമ്മാഭ്യാസങ്ങളിൽ മുഴുകി, പരിശുദ്ധാരൂപിയുടെ പോഷണത്തിൽ, തന്റെ ശിഷ്ടകാലമായ 16 വർഷം അൽഭുതകരമായി കഴിച്ചുകൂട്ടി, മുപ്പതാമത്തെ വയസ്സിൽ നിര്യാതയായി.













