AD 540-ൽ റോമിലാണ് ഗ്രിഗറിയുടെ ജനനം. 30 വയസ് തികയുന്നതിന് മുമ്പായി, സെനറ്ററായും റോമിലെ മുഖ്യന്യായാധിപനുമായും ഗ്രിഗറി സേവനം അനുഷ്ടിച്ചു. 5 വർഷങ്ങൾക്ക് ശേഷം, അദ്ദേഹം ഉദ്യോഗങ്ങളെല്ലാം രാജിവച്ച് ഒരു സന്യാസിയായി. ബ്രിട്ടീഷ് കുട്ടികളെ അടിമകളായി റോമിൽ വില്ക്കപ്പെടുന്നുണ്ടെന്നറിഞ്ഞ സന്ദർഭത്തിൽ, കാന്റർബെറി കത്തീഡ്രലിൽ ആശ്രമ മഠത്തിലെ വിശുദ്ധ അഗസ്റ്റിനുൾപ്പടെ 40 സന്യാസിമാരെ ‘മാലാഖക്കുഞ്ഞുങ്ങളെ മാലാഖ’മാരാക്കാൻ അദ്ദേഹം യാത്ര അയച്ചു.
ഇംഗ്ലണ്ടിന്റെ ക്രിസ്തീയവല്ക്കരണത്തിന്, ആ രാജ്യം ഗ്രിഗറി മാർപ്പാപ്പയോട് കടപ്പെട്ടിരിന്നു. കാര്ക്കശ്യക്കാരായ ലൊമ്മാർഡുകൾ ആക്രമണത്തിലൂടെ യൂറോപ്പിൽ ഒരു ദുർസ്ഥിതി സൃഷ്ടിച്ച സാഹചര്യത്തിൽ, അവരെ വിജയകരമായി കൈകാര്യം ചെയ്യാൻ പോപ്പിന് കഴിഞ്ഞു. റോം തന്നെ ആക്രമണഭീഷണിയിലായിരുന്നപ്പോൾ, അദ്ദേഹം നേരിട്ട് ലൊംബാർഡ് രാജാവിനെ സന്ദർശിച്ചു. അതു പോലെ തന്നെ, പുരോഹിതരുടെ വിശുദ്ധിയും, സഭയിലെ അച്ചടക്ക പരിപാലനവും, റോമിലെ ദൈവജനത്തിന്റെ ഭൗതികാവശ്യങ്ങളും, ആഗോളവിശ്വാസ സമൂഹത്തിന്റെ ആത്മീയാവശ്യങ്ങളും, അദ്ദേഹം ഒരേ സമയം ഒരുപോലെ സരംക്ഷിച്ചിരുന്നു.
അദ്ദേഹത്തിന്റെ മറ്റൊരു നേട്ടം- ദേവാലയ ആരാധനാ പുസ്തക പരിഷ്ക്കരണമാണ്. ഇന്ന് പള്ളികളിൽ ചൊല്ലുന്ന പലമനോഹരമായ പ്രാർത്ഥനാ വരികളും അദ്ദേഹം രചിച്ചവയാണ്. “Gregorian Chant” (അതിസൂക്ഷ്മമായി ശാസ്ത്രീയമായി നിർണ്ണയിക്കപ്പെട്ട ലളിതഗാനങ്ങൾ) എന്നറിയപ്പെടുന്ന പ്രസിദ്ധ സ്തുതി ഗീതങ്ങൾ, ക്രിസ്ത്യൻ സംഗീതത്തിന് ഈ മഹാനായ പോപ്പ് നല്കിയ വിലപ്പെട്ട സംഭാവനയായി ബഹുമതിക്കപ്പെടുന്ന ഗാനശാഖയാണ്. മദ്ധ്യകാലഘട്ടത്തിലെ വിശ്വാസികളെ ഏറെ സ്വാധീനിച്ചിട്ടുള്ളതാണ് അദ്ദേഹത്തിന്റെ വേദപുസ്തകവ്യാഖ്യാനങ്ങൾ. 604 മാർച്ച് 12ന് മഹാനായ വിശുദ്ധ.ഗ്രിഗറി ദിവംഗതനായി. റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലാണ് കബറിടം സ്ഥിതി ചെയ്യുന്നത്.













