2025 ആഗസ്റ്റ് 20 ബുധൻ 1199 ചിങ്ങം 04
വാർത്തകൾ
🗞️👉 ചെറുതുരുത്തിയിൽ കെഎസ്‌യു- എസ്എഫ്ഐ സംഘർഷം
ചെറുതുരുത്തി മുള്ളൂർക്കരയിൽ കെഎസ്‌യു- എസ്എഫ്ഐ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്ക്. എസ്എഫ്ഐ ചെറുതുരുത്തി ഏരിയ സെക്രട്ടറിയേറ്റ് അംഗം ആദിത്യൻ, കിള്ളിമംഗലം ആർട്സ് ആൻഡ് സയൻസ് കോളജ് യൂണിറ്റ് പ്രസിഡന്റ് എൽദോസ് എന്നിവർക്ക് നേരെയായിരുന്നു കെഎസ് യു ആക്രമണം. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ടന്റ ഗണേഷ് ആറ്റൂർ, അൽ അമീൻ, അസ്ലം, സാരംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള കെഎസ്‌യു പ്രവർത്തകരാണ് കോളജ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന എസ്എഫ്ഐ നേതാക്കളെ പിന്തുടർന്നെത്തി അക്രമിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു.
🗞️👉 ഇന്ത്യ- ചൈന ബന്ധത്തില്‍ പുതിയ വഴിത്തിരിവ്
ഇന്ത്യ- ചൈന ബന്ധത്തില്‍ പുതിയ വഴിത്തിരിവ്. അതിര്‍ത്തി പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനമായി. അതിര്‍ത്തി നിര്‍ണയത്തിന് പരിഹാരം കാണാന്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിട്ടുണ്ട്. മൂന്ന് നിയുക്ത വ്യാപാര കേന്ദ്രങ്ങള്‍ വഴിയാകും അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കുക. ലിപുലേഖ് പാസ്, ഷിപ്കി ലാ പാസ്, നാഥു ലാ പാസ് എന്നിവിടങ്ങള്‍ വഴിയാകും അതിര്‍ത്തി വ്യാപരം പുണരാരംഭിക്കുക. ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കും.വിനോദസഞ്ചാരികള്‍, ബിസിനസുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള വിസ സുഗമമാക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരങ്ങളും നിക്ഷേപങ്ങളും സുഗമമാക്കാനും തീരുമാനമായി. ഡബ്ല്യുടിഒ കേന്ദ്രീകൃതമായി ബഹുരാഷ്ട്ര വ്യാപാര സംവിധാനം നിലനിര്‍ത്താനും, വികസ്വര രാജ്യങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന ബഹുധ്രുവ ലോകത്തെ പ്രോത്സാഹിപ്പിക്കാനും തീരുമാനമുണ്ടായി.
🗞️👉 കത്തോലിക്കാ കോൺഗ്രസ്സ് കർഷക വഞ്ചനാ ദിനം ആചരിച്ചു
കടുത്തുരുത്തി : കീഴൂർ സെന്റ് മേരീസ് മൗണ്ട് ദേവാലയത്തിൽ മേഖല പ്രസിഡന്റ് ശ്രീ രാജേഷ് കോട്ടായിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് മേഖല ജനറൽ സെക്രട്ടറി ജോർജ് തോമസ്സ് മങ്കുഴിക്കരി സ്വാഗതം ആശംസിച്ചു. വികാരി ഫാ.ജോസഫ് വയലിൽ യോഗം ഉദ്ഘാടനം ചെയ്തു.കർഷകരോടുള്ള അവഗണന അവസാനിപ്പിക്കുവാനും
വന്യ മൃഗങ്ങളുടെ അക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും കർഷകരുടെ ദുരിത പൂർണമായ അവസ്ഥക്കു താമസം വിനാ പരിഹാരം ഉണ്ടാകുന്നതിനു സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര നിയമ നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശിക്കുകയുണ്ടായി. കത്തോലിക്ക കോൺഗ്രസ്സ് പാലാ രൂപത വൈസ് പ്രസിഡന്റ് ശ്രീ CM ജോർജ് മുഖ്യ പ്രഭാഷണം നടത്തി രൂപത പ്രതിനിധി സലിൻ കൊല്ലംകുഴി കോതനല്ലൂർ ഫൊറോന പ്രസിഡന്റ് ശ്രീ ജോസഫ് ചീനൊത്തുപറമ്പിൽ,വർഗീസ് വേഴപറമ്പിൽ,സിബി പൊതിപറമ്പിൽ,രാജു കുന്നേൽ,സുനിൽ പാലക്കാത്തടം,ജെറി പനക്കൽ,മനോജ് കടവന്റെകാല,ജോസഫ് പെരുമറ്റം എന്നിവർ സംസാരിച്ചു.
🗞️👉 എം വി ഗോവിന്ദന്റെ നിയമ നടപടി പി ബി നിര്‍ദ്ദേശ പ്രകാരമെന്ന് വിവരം
കത്ത് ചോര്‍ച്ചാ വിവാദത്തില്‍ എം വി ഗോവിന്ദന്റെ നിയമ നടപടി പി ബി നിര്‍ദ്ദേശ പ്രകാരമെന്ന്് വിവരം. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വൈരാഗ്യത്തില്‍ പാര്‍ട്ടിയെ കരുവാക്കിയതെന്ന് എം വി ഗോവിന്ദന്‍ പി ബി യില്‍ വിശദീകരണം നല്‍കിയതായും സൂചനയുണ്ട്. ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്ത് വാര്‍ത്തയാക്കിയത് മാനനഷ്ടക്കേസില്‍ നിയമപരിരക്ഷ ലഭിക്കാനുള്ള ഷര്‍ഷാദിന്റെ തന്ത്രമെന്നും വിശദീകരണമുണ്ട്. വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന് പിബിയില്‍ ധാരണയായെന്നും വിവരം. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം.വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. പിബിക്ക് നല്‍കിയ പരാതി താനും മകനും ചേര്‍ന്നാണ് ചോര്‍ത്തി നല്‍കിയതെന്ന ആക്ഷേപം മാനഹാനിയുണ്ടാക്കുന്നതും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിലുളള മാന്യത ഇല്ലാതാക്കാനുളള ശ്രമവുമാണെന്നാണ് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുളളത്.
🗞️👉 അധ്യാപകർ ഒരുമിച്ച് ഗ്രന്ഥകർത്താക്കളായിഅൽഫോൻസയിൽ രണ്ട് പുസ്തകൾ പിറന്നു
പാലാ: 27 അധ്യാപകർ സംഘടിച്ച് ഗ്രന്ഥകർത്താക്കളായതോടെ അൽഫോൻസാ കോളജിൽ രണ്ട് പുസ്തകങ്ങൾ പിറവിയെടുത്തു. അധ്യാപക കൂട്ടായ്മ പ്രകടമായതിനൊപ്പം വൈജ്ഞാനിക മേഖലയ്ക്കും സംഭാവന നൽകി അൽഫോൻസാ കോളജ് വീണ്ടും ശ്രദ്ധനേടി.
കോളജിലെ 25 അധ്യാപകരുടെ കൂട്ടായ്മയിലാണ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചത്. ‘ദ എത്തിക്കൽ സെൽഫ് : പെർസ്‌പെക്റ്റീവ് ഓഫ് മൊറാലിറ്റി ഇൻ ദ മോഡേൺ വേൾഡ് ‘ എന്ന പുസ്തകമാണ് അധ്യാപകർ ജന്മം നൽകിയ അക്ഷരക്കൂട്ടങ്ങളിലൂടെ വായനാലോകത്തിന് ലഭിച്ചത്. ഡോ. ടി.ആർ അമ്പിളി, ഡോ. റോസ് മേരി ഫിലിപ്പ് എന്നിവരാണ് ഈ പുസ്തകത്തിന്റെ എഡിറ്റിംഗ് നടത്തിയത്.
റവ.ഡോ. ഷാജി ജോൺ, ഡോ. നവിത എലിസബത്ത് എന്നിവർ ചേർന്നാണ് മറ്റൊരു പുസ്തകം സമ്മാനിച്ചത്. ‘ബാറ്റിൽസ് ഇൻ ദ ബാൺയാഡ്: ഇൻഫാംസ് ക്രൂസേഡ് ഫോർ കേരള ഫാർമേഴ്‌സ്’ എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി നെഹ്മത് ആൻ അങ്ങാടിയത്തിൻ്റെ അൺറ്റെതേഡ് എന്ന കവിതാ സമാഹാരവും പ്രസിദ്ധീ കരിക്കുകയുണ്ടായി. പുസ്തകങ്ങളുടെ പ്രകാശനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ആദ്യ കോപ്പി പാലാ രൂപത മുഖ്യവികാരി ജനറാളും കോളജ് മാനേജരുമായ മോൺ. ഡോ. ജോസഫ് തടത്തിൽ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മിനി മോൾ മാത്യു, കോളജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, റവ. ഡോ. ഷാജി ജോൺ, സിസ്റ്റർ ഡോ. മഞ്ജു എലിസബത്ത് കുരുവിള എന്നിവർ പ്രസംഗിച്ചു.
🗞️👉 ആരോഗ്യകേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ സുനിൽ കെ ജോസഫ്
ഭാരതത്തിന്റെ 79 -ാം സ്വതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഡെക്കാത്തലോൺ കോട്ടയവും, ബിലീവേഴ്സ് ഹോസ്പിറ്റൽ തിരുവല്ലയും സംയുക്തമായി സംഘടിപ്പിച്ച 79 KM സൈക്കിൾ റാലി “Independence Day Endurance Ride” വിജയകരമായി പൂർത്തീകരിച്ച് ആരോഗ്യകേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകൻ ശ്രീ. സുനിൽ കെ ജോസഫ്. തീക്കോയി കണ്ടത്തിൻകര കുടുംബാംഗമായ സുനിൽ സാറിന്റെ ഭാര്യ സുരഭി ഇതേ കോളേജിലെ കംപ്യൂട്ടർ സയൻസ് വിഭാഗം അധ്യാപികയാണ്. യുവജനങ്ങൾ ആരോഗ്യ പരിപാലനത്തിന് ജീവിതത്തിൽ കൂടുതൽ പ്രാധാന്യം നൽകണമെന്ന സന്ദേശത്തിന് ഊന്നൽ നൽകിയാണ് ഈ റാലി സംഘടിപ്പിച്ചത്. സൈക്കിൾ റാലി വിജയകരമായി പൂർത്തീകരിച്ച് കോളേജിന് അഭിമാനമായിമാറിയ സുനിൽ സാറിനെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ തുടങ്ങിയവർ അഭിനന്ദിച്ചു.












