2025 ആഗസ്റ്റ് 19 തിങ്കൾ 1199 ചിങ്ങം 03
വാർത്തകൾ
🗞️👉 രാമപുരം SHLP സ്കൂളിലെ കർഷകദിനാചരണവും, കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ശ്രദ്ധേയമായി
കർഷക ദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ ഉറപ്പിക്കുന്നതിനും കാർഷികവൃത്തി യോടുള്ള താല്പര്യം വളർത്തുന്നതിനും ഉപകരിക്കും വിധം കർഷകദിനം സമുചിതമായി ആഘോഷിച്ചു.സ്കൂൾ മാനേജർ വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം യോഗത്തിന് അധ്യക്ഷത വഹിച്ചു. രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളി മോൾ ഐസക് യോഗം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ നവീനകൃഷി രീതിയായ കൃത്യതതുള്ളിനനകൃഷി സ്കൂളിൽ നടപ്പിലാക്കിയ കർഷക വിദഗ്ധരായ ശ്രീ ഡെൻസിൽ ജോസ്, ശ്രീ ബിനീഷ് അഗസ്റ്റിൻ എന്നിവരെ ആദരിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് കാർഷിക ഉപകരണങ്ങളുടെ പ്രദർശനം കുരുന്നുകൾക്ക് ഒരു പുത്തൻ അനുഭവമായി പിടി എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ യോഗത്തിൽ കൃതജ്ഞത അർപ്പിച്ചു.
🗞️👉 ‘ആദ്യം വോട്ട് കട്ട് ചെയ്യും പിന്നെ റേഷൻ അതും കഴിഞ്ഞാൽ പെൻഷൻ; അമിത് ഷാ പറയുന്നതാണ് ഗ്യാനേഷ് കുമാർ ചെയ്യുന്നത്’, വിമർശനവുമായി തേജസ്വി യാദവ്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ആർ ജെ ഡി നേതാവ് തേജസ്വി യാദവ്. ഗ്യാനേഷ് കുമാർ ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ടെങ്കിൽ തുറന്നു പറയണം. അമിത് ഷാ പറയുന്നതാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ചെയ്യുന്നതെന്നും തേജസ്വ യാദവ് പറഞ്ഞു. ആദ്യം വോട്ട് കട്ട് ചെയ്യും പിന്നെ റേഷൻ അതും കഴിഞ്ഞാൽ പെൻഷനും കട്ട് ചെയ്യും.ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും എതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാഹുൽഗാന്ധിയുടെയും തേജസ്വി യാദവിൻ്റെയും വിമർശനം.
🗞️👉 തിരുവനന്തപുരം മെഡിക്കൽ കോളജിലെ വകുപ്പ് മേധാവിക്ക് മെമ്മോ
തിരുവനന്തപുരം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻ ദാസിന് ആരോഗ്യവകുപ്പിന്റെ മെമ്മോ.മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോ പരാജയമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറച്ചിൽ നടത്തിയതിന് പിന്നാലെയാണ് മെമ്മോ നൽകിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മുഖേനയാണ് മെമ്മോ നൽകിയത്. സാമൂഹമാധ്യമങ്ങൾ വഴി ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇടരുതെന്നാണ് മെമ്മോയിലെ പ്രധാന നിർദേശം. വകുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ബന്ധപ്പെട്ട അധികാരികളെ നേരിട്ട് അറിയിക്കണമെന്നും മെമ്മോയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പ്രതികരണം നടത്തില്ലെന്ന് മെമ്മോയ്ക്ക് ഡോ. മോഹൻ ദാസ് മറുപടി നൽകി.
🗞️👉 തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ ഇന്ന് വൈകുന്നേരം മുതൽ ജലവിതരണം മുടങ്ങും
തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ ഇന്ന് വൈകുന്നേരം മുതൽ ജലവിതരണം മുടങ്ങും. ഇന്ന് രാത്രി 7 മണി മുതൽ നാളെ രാത്രി 10 മണി വരെയാവും ജലവിതരണം മുടങ്ങുക. ശാസ്തമംഗലം, പൈപ്പിൻ മൂട്, വെള്ളയമ്പലം, വഴുതക്കാട് തുടങ്ങിയ ഭാഗങ്ങളിലാണ് ജലവിതരണം മുടങ്ങുക. വെള്ളയമ്പലം ജംഗ്ഷന് സമീപ൦ വാട്ടർ അതോറിറ്റിയുടെ 700എം എം പ്രിമോ പൈപ്പ്‌ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച 19.08.2025 രാത്രി ഏഴു മണി മുതൽ ബുധനാഴ്‌ച 20.08.2025 രാത്രി 10 മണി വരെ ശാസ്തമംഗലം, പൈപ്പിന്മൂട്, വെള്ളയമ്പലത്തിനും ശാസ്തമംഗലത്തിനും ഇരുഭാഗങ്ങൾ, വഴുതക്കാട്, തൈക്കാട്, മേട്ടുക്കട, വലിയശാല, കൊച്ചാർ റോഡ്, ജഗതി എന്നീ സ്ഥലങ്ങളിൽ പൂർണമായും, ജവഹർ നഗറിലും നന്തൻ കോട്ടും കുന്നുകുഴി, വഞ്ചിയൂർ വാർഡുകളിലും ഭാഗികമായും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
🗞️👉 വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവം; ബാലാവകാശ കമ്മിഷൻ ഇന്ന് വിദ്യാർഥിയുടെ മൊഴിയെടുക്കും
കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം ഹെഡ്മാസ്റ്റർ അടിച്ചു തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ ഇന്ന് വിദ്യാർഥിയുടെ മൊഴിയെടുക്കും. ബാലാവകാശ കമ്മിഷൻ അംഗം ബി മോഹൻ കുമാർ ആണ് അഭിനവ് കൃഷ്ണയുടെ മൊഴി രേഖപ്പെടുത്തുക. ബി മോഹൻകുമാർ നാളെ വിദ്യാർഥിയുടെ വീടും, സംഭവം നടന്ന കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളും സന്ദർശിക്കും.
🗞️👉 യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായം ആവശ്യമാണെന്ന് സെലൻസ്കി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാനശ്രമങ്ങൾക്ക് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി. ‘യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായം ആവശ്യമാണെന്നും ത്രിരാഷ്ട്ര സമാധാന ചർച്ചകൾക്ക് യുക്രെയ്ൻ തയാറാണെന്നും അദ്ദേഹം ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. വെടിനിർത്തൽ ധാരണയായാൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്ന് സെലൻസ്കി പറഞ്ഞു. അതിനിടെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും താത്പര്യമുണ്ടെന്നും ട്രംപ് അറിയിച്ചു.













