2025 ആഗസ്റ്റ് 18 തിങ്കൾ 1199 ചിങ്ങം 02
വാർത്തകൾ
🗞️👉 സംസ്ഥാനത്ത് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട്
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒന്‍പത് ഡാമുകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കക്കി,മൂഴിയാര്‍, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍,ലോവര്‍ പെരിയാര്‍ , ഷോളയാര്‍ , പെരിങ്ങല്‍കുത്ത്, ബാണാസുര ഡാമുകളില്‍ റെഡ് അലര്‍ട്ട്. ഡാമുകളുടെ പരിസരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അതേസമയം, അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
🗞️👉 തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായ വാഹനാപകടം; പരുക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു
തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കരകുളം സ്വദേശി ഷാഫിയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ, ഓട്ടോ സ്റ്റാന്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷാഫി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഞായറാഴ്ചയാണ് ജനറൽ ആശുപത്രിക്ക് മുന്നിൽ നിയന്ത്രണം വിട്ടക്കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറിയത്.
🗞️👉 ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തു
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തു. സര്‍വറില്‍ സൂക്ഷിച്ചിരുന്ന ഡാറ്റയില്‍ മാറ്റം സംഭവിച്ചതായി വിവരം. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ 13ാം തിയതിയാണ് പരായി നല്‍കിയത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പേ ഹാക്ക് ചെയ്തു എന്നത് കണ്ടെത്തി എന്നതാണ് ലഭിക്കുന്ന വിവരം. ക്ഷേത്രത്തിലെ തന്നെ ഒരു ജീവനക്കാരനെ വിഷയത്തില്‍ സംശയമുണ്ടെന്ന വിവരവും ഉണ്ട്. ജീവനക്കാരന്‍ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യുന്നു എന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ആ സെക്ഷനില്‍ നിന്ന് തന്നെ ഇയാളെ മാറ്റുന്ന സാഹചര്യമുണ്ടായി. എന്നാല്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
🗞️👉 ‘വിചിത്ര ന്യായീകരണങ്ങളുടെയും ഘോഷയാത്ര’; കെസി വേണുഗോപാല്‍
വിരോധാഭാസത്തിന്റെയും വിചിത്ര ന്യായീകരണങ്ങളുടെയും ഘോഷയാത്രയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനമെന്നും വോട്ടര്‍പട്ടിക ക്രമക്കേടുയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അതില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും കെസി വേണുഗോപാല്‍ എംപി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുണ്ടായ ക്രമക്കേട് പുറത്തായതിലെ അസ്വസ്ഥതയും വെപ്രാളവുമാണ് വാര്‍ത്താസമ്മേളനത്തിലുടനീളം രാജ്യം കണ്ടത്. ബിജെപി കാര്യാലയത്തില്‍ നിന്ന് എഴുതിത്തയ്യാറാക്കി നല്‍കിയ വെല്ലുവിളികളും ഭീഷണിയും മാത്രമാണ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിഫലിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
🗞️👉 കൊച്ചിയിൽ 50 ലക്ഷം രൂപയുടെ ഹെറോയിൻ പിടികൂടി
കൊച്ചിയിൽ 50 ലക്ഷം രൂപയുടെ ഹെറോയിൻ പിടികൂടി. 158 ഗ്രാം ഹെറോയിനാണ് എക്‌സൈസ് ആലുവയിൽ നിന്ന് പിടികൂടിയത്. അസാം സ്വദേശി മഗ്‌ബുൾ ഹുസൈൻ അറസ്റ്റിലായി. ഇന്ന് പുലർച്ചെയാണ് എക്‌സൈസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് ഹെറോയിൻ പിടികൂടിയത്. ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വൻ ലഹരിവേട്ട നടന്നത്.
🗞️👉 വോട്ട് കൊള്ള ആരോപണം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി
വോട്ട് കൊള്ള ആരോപണം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി ബിഹാറില്‍. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി ചേര്‍ത്ത വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്ന് രാഹുല്‍ പറഞ്ഞു. ബിഹാറിലെ 65 ലക്ഷം വോട്ടുകള്‍ വെട്ടിയത് അദാനിയേയും അംബാനിയേയും സഹായിക്കാനെന്നും ആരോപണമുണ്ട്. വോട്ടര്‍ അധികാര്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാറില്‍ ലക്ഷക്കണക്കിന് ആളുകളുടെ പേരാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ചിലര്‍ മരിച്ചെന്ന് പറഞ്ഞു. പാവങ്ങളെ ഒഴിവാക്കി. 65 ലക്ഷം വോട്ടുകള്‍ ഇങ്ങനെ വെട്ടിയത് അദാനിയേയും അംബാനിയെയും സഹായിക്കാനാണ്. മഹാരാഷ്ട്രയില്‍ വോട്ട് കൊള്ള നടന്നു. പുതിയതായി ചേര്‍ത്ത വോട്ടുകള്‍ ബിജെപിയിലേക്ക് കൂട്ടമായി പോയി. തെരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് വോട്ട കൊള്ള നടത്തി- അദ്ദേഹം പറഞ്ഞു.













