2025 ആഗസ്റ്റ് 08 വെള്ളി 1199 കർക്കടകം 23
വാർത്തകൾ
🗞️👉 നേത്രപരിശോധനാ ക്യാമ്പ്
പാലാ: മാർസ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പാലാ സോൺ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നാളെ (വെള്ളി) പാലായിൽ നടക്കും. കത്തോലിക്കാ കോൺഗ്രസ്,കർഷകദളങ്ങൾ, പിതൃവേദി , മാതൃവേദി, എസ്.എം.വൈ.എം എന്നിവയുടെ സഹകരണത്തോടെ രാവിലെ പത്തിന് ളാലം സെൻ്റ് മേരീസ് പള്ളിയിൽ വികാരി ഫാ. ജോസഫ് തടത്തിലിൻ്റെ അദ്ധ്യക്ഷതയിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പി. എസ്.ഡബ്ലിയു.എസ് അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, സോൺ ഡയറക്ടർ ഫാ. ഐസക് പെരിങ്ങാമലയിൽ, കോർഡിനേറ്റർ സൗമ്യ ജെയിംസ്, ജയിംസ് ചെറുവള്ളിൽ, രാജേഷ് പാറയിൽ, ജോസ് സിസി, ജോയി പുളിയ്ക്കക്കുന്നേൽ, റിച്ചു എസ് കാപ്പൻ , ജീമോൾ ജോസ്,ഫോൻസിടോം , മരിയ ജോസ്, സിൻസി സണ്ണി എന്നിവർ പ്രസംഗിക്കും. നേത്രരോഗ വിദഗ്ധ ഡോ. ജ്യോതി വി.എസ് ക്ലാസ്സ് നയിക്കും.
🗞️👉 സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം
നേതാക്കള്‍ ജ്യോത്സനെ കാണാന്‍ പോകുന്നതിന് എതിരെ സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. പാര്‍ട്ടി നേതാക്കള്‍ ജ്യോത്സനെ കാണാന്‍ പോകുന്നത് എന്ത് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവിന്റെ ചോദ്യം. നേതാക്കളുടെ ഇത്തരം നടപടികള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യും എന്നും കണ്ണൂര്‍ നേതാവ് വിമര്‍ശിച്ചു. സംസ്ഥാന സമിതിയെ ഓര്‍മിപ്പിച്ചു. ആരുടെയും പേര് പറയാതെ ആയിരുന്നു വിമര്‍ശനം.
🗞️👉 ആഗോള അയ്യപ്പസംഗമം സെപ്റ്റംബറിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ
സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ മൂന്നാം വാരം സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം ബോർഡ് 75 ആം വാർഷികത്തിന്റെ കൂടി ഭാഗമായി പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർ പങ്കെടുക്കും. തത്വമസി എന്ന വിശ്വമാനവതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും, ശബരിമലയെ ഒരു ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീർത്ഥാടന കേന്ദ്രമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നത്.
🗞️👉 ‘അധിക തീരുവ ഏർപ്പെടുത്തിയ യുഎസ് നടപടി അന്യായവും നീതീകരിക്കാനാകാത്തതും’; രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ
വീണ്ടും അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയിൽ പ്രതികരിച്ചു ഇന്ത്യ. യുഎസ് നടപടി അന്യായവും നീതീകരിക്കപ്പെടാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും, ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
🗞️👉 ജാമ്യം നിഷേധിച്ച് കോടതി
പാലാ മുണ്ടാങ്കൽ ഭാഗത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ രണ്ട് സ്ത്രീകൾ മരണപ്പെടുകയും പാലാ സെന്‍റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആകുന്നതിനും ഇടയായ സംഭവത്തിൽ പാലാ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് റിമാന്‍റിലായിരുന്ന, അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്ന ചന്ദൂസ് (24) S/o ത്രിജി, ചെറുവിള വീട് നെടുങ്കണ്ടം പി.ഒ ഇടുക്കി എന്നയാൾ സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷയിൽ വാദം കേട്ട ബഹു. പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയിട്ടുള്ളതാണ്.
🗞️👉 തിരുവനന്തപുരം ലോ അക്കാദമിയിൽ SFI – ABVP സംഘർഷം
തിരുവനന്തപുരം ലോ അക്കാദമിയിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. സംഘർഷത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകന്റെ തലയ്ക്കും എബിവിപി പ്രവർത്തകന്റെ നട്ടെല്ലിനും പരുക്കേറ്റു. പരുക്കേറ്റവരെ പേരൂർക്കട താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളജിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു മാസം മുൻപ് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റിരുന്നു. അതിൽ പ്രതികാര നടപടിയയാണ് ഇപ്പോൾ ലോ അക്കാദമിയിൽ സംഘർഷം ഉണ്ടായിരിക്കുന്നത്. ഇന്ന് വൈക്കീട്ടോടെയായിരുന്നു സംഭവം.
🗞️👉 മലയാള സിനിമയെ പ്രശംസിച്ച് ഓസ്കർ ജേതാവ് ഗുനീത് മോംഗ
മലയാള സിനിമയെ വാനോളം പുകഴ്ത്തി ദി എലിഫന്റ് വിസ്പറേഴ്സിലൂടെ ഓസ്കർ പുരസ്കാരത്തിനർഹയായ നിർമ്മാതാവ് ഗുനീത് മോംഗ. യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ രാജ്യത്ത് ഏറ്റവും മികച്ച സിനിമകൾ ഉണ്ടാകുന്നത് മലയാളത്തിൽ നിന്നാണെന്നാണ് ഗുനീത് മോംഗ പറയുന്നത്. “മലയാള സിനിമ അതിശയിപ്പിക്കുന്നത് അവരുടെ സിനിമകളുടെ ഒറിജിനാലിറ്റിയും, ധീരമായ പ്രതിപാദ്യങ്ങളുമാണ്. മഞ്ഞുമ്മൽ ബോയ്സ് പോലൊരു ചിത്രം ഒരിക്കലും ഹിന്ദിയിൽ ഉണ്ടാകില്ല. രാജ്യത്ത് ഏറ്റവും മികച്ച സിനിമകൾ നിർമ്മിക്കുന്നത് മലയാളം സിനിമ ഇൻഡസ്ട്രിയിലാണ് എന്നെനിക്ക് നെഞ്ചിൽ തൊട്ടുകൊണ്ട് പറയാനാകും” ഗുനീത് മോംഗ പറയുന്നത്.
🗞️👉 കോട്ടയം ചങ്ങനാശേരിയിൽ വാഹനാപകടം: ഓട്ടോ ഡ്രൈവർ മരിച്ചു
കോട്ടയം ചങ്ങനാശേരിയിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചങ്ങനാശേരി മലയക്കുന്ന് പുത്തൻപറമ്പിൽ അനിൽ (49) ആണ് മരിച്ചത്. എം സി റോഡിൽ ചങ്ങനാശേരി എസ് ബി കോളജിന് മുന്നിൽ രാവിലെ 11.30 ഓടെ ആയിരുന്നു അപകടം. ചങ്ങനാശേരി ടൗണിൽ നിന്നും ഓട്ടം വന്ന ഓട്ടോറിക്ഷ യാത്രക്കാരെ ഇറക്കിയ ശേഷം തിരിക്കുകയായിരുന്നു. ഇതിനിടെ ചങ്ങനാശേരിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ ഓട്ടോറിക്ഷയിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു. അനിൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു.













