2025 ആഗസ്റ്റ് 01 വെള്ളി 1199 കർക്കടകം 16
വാർത്തകൾ
🗞️👉 ‘കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ ബജ്റംഗ് ദൾ നേതാവ് നിര്‍ബന്ധിച്ചു’; വെളിപ്പെടുത്തലുമായി ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി
ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിപ്പിച്ചത് ബജ്റംഗ് ദൾ നേതാവാണെന്നും ജ്യോതി ശർമ എന്ന നേതാവ് തന്നെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും 21കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രഥാൻ വെളിപ്പെടുത്തി.
🗞️👉 കാഴ്ച പരിമിതർക്കായി ബ്രെയിൽ ലിപിയിൽ പാഠപുസ്തകം അച്ചടിച്ചു തുടങ്ങി; മന്ത്രി വി ശിവൻകുട്ടി
ഹയർ സെക്കണ്ടറി വിഭാഗത്തിൽ കാഴ്ച പരിമിതർക്കായി ബ്രെയിൽ ലിപി പുസ്തകം അച്ചടിച്ചു തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബ്രെയിൽ ലിപി ഹയർ സെക്കണ്ടറിയിൽ പാഠപുസ്തകം ഇല്ലാത്തതിനാൽ പ്രതിസന്ധി അനുഭവിക്കുന്ന കോഴിക്കോട് ആയിഷ സമിഹയുടെ ദുരിതം സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വി ശിവൻകുട്ടിയുടെ പ്രഖ്യാപനം.
🗞️👉 ഇത്തിത്താനം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ വർണ്ണക്കൂടാരം ഒരുങ്ങി
കോട്ടയം: അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറി പഠനസൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന വർണ്ണക്കൂടാരം ഇത്തിത്താനം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ ആരംഭിച്ചു. സമഗ്രശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. പഞ്ചേന്ദ്രിയനുഭവ പഠനത്തിലൂടെ പ്രീ പ്രൈമറി തലത്തിലെ വിദ്യാഭ്യാസം കൂടുതൽ മികവുറ്റതാക്കുക, പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക മികവുകൾ പ്രോത്സാഹിപ്പിക്കുക, ഭാഷ, ഗണിതം തുടങ്ങിയ മേഖലയിലുള്ള ജ്ഞാനം വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് വർണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായി സ്‌കൂളിൽ നടപ്പിലാക്കുന്നത്. ശിശു സൗഹൃദ ഫർണ്ണിച്ചറും പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചുവരുകളിലെ വർണ്ണാഭമായ ചിത്രങ്ങളുമെല്ലാം സാധാരണ ക്ലാസ്മുറികളിൽ നിന്നും വർണക്കൂടാരത്തെ വ്യത്യസ്തമാക്കുന്നു.
🗞️👉 പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി : ജോസ് കെ മാണി എംപി
പാലാ : പാലാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സ്ഥാപിക്കുന്നതിന് 35 കോടിയുടെ പുതിയ ഭരണാനുമതി ലഭ്യമായതായി ജോസ് കെ മാണി എംപി അറിയിച്ചു. ഇതുമായി ബന്ധപെട്ടു ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലുമായി നിരവധി തവണ ചർച്ച നടത്തുകയും മന്ത്രി തന്നെ നേരിട്ട് മുടങ്ങി കിടക്കുന്ന നിർമാണപ്രവർത്തനങ്ങൾ കണ്ടതിന്റെയും അടിസ്ഥാനത്തിലാണ് പുതുക്കിയ ഭരണാനുമതി . ധനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചു ധനകാര്യ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ വിലയിരുത്തുകയും ചെയ്തിരുന്നു . ഗവൺമെന്റിന്റെ ബാക്കിയുള്ള വിഹിതം ലഭ്യമാക്കുന്നതിന് സർക്കാരിൽ ഇടപെടുമെന്നും എത്രയും പെട്ടെന്ന് സാങ്കേതികാനുമതി ലഭ്യമാക്കുവാൻ നിർവഹണ ഏജൻസി ആയ കെ ഐ ഐ ഡി സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ മാണി എംപി അറിയിച്ചു. മുത്തോലി പുലിയന്നൂരിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റിനായുള്ള 80 ശതമാനം പണികളും പൂർത്തിയായെങ്കിലും തുടർന്നുള്ള പണികൾ തടസ്സമാവുകയായിരുന്നു.പുതുക്കിയ ഭരണാനുമതി ലഭ്യമാക്കെപ്പതോടെ മുടങ്ങിയ നിർമ്മാണങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
🗞️👉 ഡോക്ടറേറ്റ് നേടിയ രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജെയിന്‍ ജെയിംസിനെ അഭിനന്ദിച്ചു.
രാമപുരം: ഡോക്ടറേറ്റ് നേടിയ രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജെയിന്‍ ജെയിംസിനെ അഭിനന്ദിച്ചു. “കണ്‍സ്യൂമേഴ്‌സ് പേഴ്‌സപ്ഷന്‍ ഓണ്‍ ഓണ്‍ലൈന്‍ ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി ഇന്‍ എറണാകുളം ഡിസ്ട്രിക്ട്” എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയത്. കഴിഞ്ഞ 12 വര്‍ഷമായി മാര്‍ ആഗസ്തീനോസ് കോളജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപികയായ ഡോ ജെയിൻ ജെയിംസ് കോയമ്പത്തൂർ കര്‍പ്പഗം ഡീംഡ് യുണിവേഴ്സിറ്റിയിൽനിന്നുമാണ് ഡോക്ടറേറ്റ് നേടിയത് .
🗞️👉 ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; തയ്യാറെടുപ്പുകൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗ്‌ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ച സാഹചര്യത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനായി ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജ് തയ്യാറായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ, ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ഇലക്ടറൽ കോളേജ്.
🗞️👉 സർക്കാരിന്റേത് പ്രതികാര നടപടി ; ഡോ. ഹാരിസ് ഹസൻ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ഹസൻ. കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്നും വിശദീകരണം നൽകുമെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞു. ഇത് സർക്കാരിന്റെ പ്രതികാര നടപടിയാണ്. ഒന്നുകിൽ റിപ്പോർട്ട് വ്യാജമാവുമെന്നും അല്ലെങ്കിൽ അതിലെ നോട്ടീസ് വ്യാജമാവുമെന്നും ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
🗞️👉 ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം നടത്തി
കോട്ടയം: ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗവും ബജറ്റവതരണവും കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്നു. 2025-26 വർഷത്തേക്ക് 29.70 ലക്ഷം രൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് യോഗം അംഗീകാരം നൽകി. ശിശുക്ഷേമ സമിതിയുടെ കീഴിൽ ശിശുപരിപാലനകേന്ദ്രം തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. എ.ഡി.സി. ജി. അനീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ റിപ്പോർട്ടും ട്രഷറർ ടി. ശശികുമാർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സമിതി സംസ്ഥാന ട്രഷറർ കെ. ജയപാൽ, ജില്ലാ വൈസ് പ്രസിഡന്റ് അനന്ത നാരായണ റെഡ്യാർ, ജോയിന്റ് സെക്രട്ടറി പി.ഐ. ബോസ്എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ എ. പത്രോസ്,വി.എം. പ്രദീപ്, ഫ്ളോറി മാത്യു എന്നിവർ പങ്കെടുത്തു.













