2025 ജൂലൈ 31 വ്യാഴം 1199 കർക്കടകം 14
വാർത്തകൾ
🗞️👉 ഛത്തീസ്ഗഡിൽ സന്യാസിനിമാർക്കുള്ള പാലാ രൂപതയുടെ ഐക്യദാർഢ്യ പ്രാർത്ഥനയിൽ ജനസാഗരമായി ഭരണങ്ങാനം
പാലാ രൂപതയുടെ പ്രാർത്ഥനാ നിർഭരമായ പ്രതിഷേധ റാലിയും സമ്മേളനവും ഐക്യദാർഢ്യ പ്രഖ്യാപനവുമാണ് ഇന്നലെ വൈകുന്നേരം ഭരണങ്ങാനത്തു വച്ച് നടത്തപ്പെട്ടത്. 6 മണിക്ക് അൽഫോൻസാ തീർത്ഥാടന പള്ളിയിൽ നിന്നും ആരംഭിച്ച ജപമാല ഇടവക പള്ളിച്ചുറ്റി അൽഫോൻസാ തീർത്ഥാടന പള്ളിയിൽ എത്തിച്ചേർന്നു. അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സമൂഹത്തെ അഭിസംബോധന ചെയ്യത് സംസാരിച്ചു. രൂപതയിലെ വൈദികർ സന്യസ്തർ അൽമായസഹോദരർ സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ളവർ റാലിയിലും പ്രതിഷേധ സമ്മേളനത്തിലും പങ്കെടുത്തു. പാലാ രൂപത മുഖ്യവികാരി ജനറൽ ഡോ. ജോസഫ് തടത്തിൽ വികാരിജനറാൾമാരായ ഡോ. ജോസഫ് മലേപ്പറമ്പിൽ, ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് ഡോ. ജോസഫ് കണിയോടിക്കൽ എ. കെ. സി. സി. ഡയറക്ടർ ഡോ. ജോർജ്ജ് വർഗീസ് ഞാറക്കുന്നേൽ, രൂപതയിലെ എല്ലാ ഫൊറോനാ വികാരിമാർ, സി. സലോമി ഡി. എസ്. റ്റി., സി. സ്നേഹ പോൾ എസ്. എം. സി., സി. ഗ്രേസികുട്ടി എം.ഐ.എസ്.ഐ., സി. പീയൂഷ എസ്. എം. എസ്.,സി. മെർലിൻ എസ്. എച്ച്., സി. അഗ്നെറ്റ് ഡി. എസ്. റ്റി., സി. മരീന ഞാറക്കാട്ടിൽ എസ്. എ. ബി. എസ്., സി. ജെസ്സി മരിയ എഫ്. സി. സി., സി. ലിസ്ബിൻ എഫ്. സി. സി., സി. സിജി തെരെസ് സി. എം. സി., തുടങ്ങിയവർ സംബന്ധിച്ചു.
🗞️👉 കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണം. ചത്തീസ്ഘട്ടിൽ നടക്കുന്നത് വർഗ്ഗീയ ഗുണ്ടായിസം കേരളം കോൺഗ്രസ് (എം)
പാലാ: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും, രോഗികളും, അസമത്വം നേരിടുന്നവരുടേയും ഇടയിൽ സേവനം ചെയ്യുന്ന കന്യാസ്ത്രീകളെചത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് നിയമവും, നീതിയും ഇല്ലാതെ വ്യാജ ആരോപണങ്ങൾ ഉയർത്തി അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റർ പ്രീതി മേരിയെയും, സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും ഉടൻ മോചിപ്പിക്കാൻ ഉള്ള നടപടികൾ കേന്ദ്രസർക്കാർ ഇടപെട്ട് നടത്തണമെന്നും, അകാരണമായി സിസ്റ്റർമാരെ തുറുങ്കിലടച്ച ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടികൾ എടുക്കണമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലയിൽ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം പാലാ കുരിശുപള്ളി കവലയിൽ നടത്തുകയായിരുന്നു അദ്ദേഹം.
അവിടുത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് അവിടെ വിഷയം അറിഞ്ഞമട്ടില്ല. ഭരണകൂടത്തിൻ്റെ പിന്തുണയിൽ നടക്കുന്ന വർഗ്ഗീയ ഗുണ്ടായിസമാണ് അവിടെ നടക്കുന്നത്.
ഇന്ന് ജോസ്.കെ – മാണി ഉൾപ്പെടെ ഇടതു മുന്നണി എം.പിമാർ ക ന്യാസ്ത്രീകളെ സന്ദർശിക്കുവാൻ എത്തിയപ്പോൾ പോലീസ് തടയുകയാണ് ഉണ്ടായത്.
🗞️👉 സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി
മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള – കുട്ടോത്ത് നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ് ലിഖിതം കൊത്തിവെച്ചിരിക്കുന്നത്. കാലം സൂചിപ്പിക്കാത്ത ഈ വട്ടെഴുത്ത് ലിഖിതം ലിപി ശൈലിയുടെ അടിസ്ഥാനത്തിൽ 12-13 നൂറ്റാണ്ടിലേതാണെന്ന് കണക്കാക്കുന്നു. ആവള എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്തിന്റെ അക്കാലത്തെ പേര് അകവള എന്നായിരുന്നു എന്ന് ലിഖിതത്തിൽ നിന്ന് അറിയാം. അകവളയിലെ അധികാരരായിരുന്ന കേളിത്തനും അദ്ദേഹത്തിന്റെ ഇളയ സഹോദരനും ചേർന്ന് ക്ഷേത്രം നിർമ്മിച്ചതാണ് രേഖാ പരാമർശം. സഹോദരൻ മാനവിക്രമ രാജാവിന്റെ കീഴ്പടൈ നായരായിരുന്നു എന്നും രേഖയിൽ പറയുന്നു. സാമൂതിരിയുടെ ഉപസേനാധിപനായിരുന്നു അദ്ദേഹമെന്ന് കരുതാം. ഇതു കൂടാതെ മറ്റൊരു ലിഖിതവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രം നിർമ്മിച്ചവർ അമ്പലത്തിൽ നടത്തിയ ചില ഏർപ്പാടുകളാണ് ഈ ലിഖിതത്തിലുള്ളത്. ഒരു ശിലാപാളിയുടെ ഇരുവശങ്ങളിലുമായി വട്ടെഴുത്ത് ലിപിയിൽത്തന്നെയാണ് ഈ രേഖയുമുള്ളത്.
🗞️👉 വയനാട് ഉരുൾപൊട്ടൽ:സംസ്ഥാനത്തെ സ്കൂളുകളിൽ മൗനാചരണം നടന്നു
വയനാട് ജില്ലയിലെ ചൂരൽമല-മുണ്ടകൈയിൽ 2024 ജൂലൈ 30-ന് ഉണ്ടായ ദാരുണമായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ബുധനാഴ്ച രാവിലെ 10 ന് ഒരു മിനിറ്റ് മൗനാചരണം നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്മരണിക പരിപാടി സംഘടിപ്പിച്ചത്.
🗞️👉 വയനാട് ദുരന്തബാധിതർക്കുള്ള ചികിത്സാ സഹായം ഡിസംബർ വരെ നീട്ടി; മന്ത്രി കെ രാജൻ
വയനാട് ദുരന്തബാധിതർക്കുള്ള ചികിത്സാ സഹായം ഡിസംബർ വരെ നീട്ടിയാതായി മന്ത്രി കെ രാജൻ. സംസ്ഥാനത്തിൻ്റെ പല ആവശ്യങ്ങൾ കേന്ദ്രം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. കേന്ദ്രത്തിൻ്റെത് ശത്രുതാപരമായ സമീപനമാണ്. മാതൃകാ ഭവനങ്ങൾക്ക് എതിരെയുള്ള സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ അപമാനകരമെന്നും മന്ത്രി വ്യക്തമാക്കി. വയനാട് 8 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കും. ജൂലൈ 30 ഹൃദയഭൂമിയിൽ നിത്യസ്മാരകം നിർമ്മിക്കും. അതിനായി 99 ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി കെ രാജൻ അറിയിച്ചു. DDMA റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിൽ 49 കുടുംബങ്ങളെ ടൗൺഷിപ്പിൽ ഉൾപ്പെടുത്തും. ഫിസിക്കൽ പരിശോധന നടത്തി കൂടുതൽ പേരെ ഉൾപ്പെടുത്തും. വിലങ്ങാടും ചൂരൽമലക്ക് സമാനമായ സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.വയനാട് 8 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കും. ജൂലൈ 30 ഹൃദയഭൂമിയിൽ നിത്യസ്മാരകം നിർമ്മിക്കും. അതിനായി 99 ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി കെ രാജൻ അറിയിച്ചു. DDMA റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിൽ 49 കുടുംബങ്ങളെ ടൗൺഷിപ്പിൽ ഉൾപ്പെടുത്തും. ഫിസിക്കൽ പരിശോധന നടത്തി കൂടുതൽ പേരെ ഉൾപ്പെടുത്തും. വിലങ്ങാടും ചൂരൽമലക്ക് സമാനമായ സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
🗞️👉 ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ
അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ. ജാമ്യം നൽകിയാൽ മത പരിവർത്തനം ആവർത്തിക്കുമെന്ന് പ്രോസീക്യൂഷൻ. ആദിവാസി കുട്ടികളെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു എന്നും പ്രോസിക്യൂഷൻ ദുർഗ് സെഷൻസ് കോടതിയിൽ വാദിച്ചു. സെഷൻസ് കോടതിയുടെ ഉത്തരവിലാണ് ഈ വിവരങ്ങൾ. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തില്ലെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ വാദം തള്ളുന്നതാണ് കോടതി ഉത്തരവ്.
🗞️👉 കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ പ്രതിഷേധ റാലി. സംഭവത്തിൽ വിവിധ സഭകൾ സംയുക്തമായിട്ടാണ് പ്രതിഷേധിക്കുന്നത്. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് പ്രതിഷേധം. വൈദികരും വിശ്വാസികളും കന്യാസ്ത്രീകളും കറുത്ത റിബൺ കൊണ്ട് വാ മൂടിക്കെട്ടിയാണ് റാലി നടത്തുന്നത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് റാലി ആരംഭിച്ചത്. രാജ്ഭവന് മുന്നിലെ പൊതുയോഗത്തിൽ ബിഷപ്പുമാർ പങ്കെടുത്തു.













