കോട്ടയം ചിങ്ങവനത്ത് എം സി റോഡിൽ കാറും തടിലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിക്ക് ഭാരുണാന്ത്യം. ചിങ്ങവനം സെമിനാരി പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി വിജയകുമാർ (40) ആണ് മരിച്ചത്. ഇയാൾക്കൊപ്പം
ഉണ്ടായിരുന്ന രണ്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും ചിങ്ങവനം ഭാഗത്തേക്ക് എത്തിയ കാറിനെ, എതിർ ദിശയിൽ നിന്നും എത്തിയ തടിലോറി ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് കാർ പൂർണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റ വരെ കോട്ടയം ജില്ലാ ജനറൽ
ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെ വിജയകുമാർ മരിച്ചത്. കാറിൽ ഒപ്പം ഉണ്ടായിരുന്നവരുടെ നില ഗുരുതരമല്ല. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.















